ഈ വര്‍ഷം തുടക്കത്തില്‍ സിനിമാപ്രേമികളെല്ലാം ഒരുപോലെ പ്രതീക്ഷവെച്ച ചിത്രമായിരുന്നു ജന നായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം അവസാന നിമിഷം റിലീസ് മാറ്റിവെക്കേണ്ടി വന്നതും പിന്നീട് റിലീസ് നീണ്ടുപോയതും ചിത്രത്തിലുള്ള പ്രതീക്ഷകള്‍ കുറച്ചു. വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിലാണ് ജന നായകന്‍ മാര്‍ക്കറ്റ് ചെയ്യുന്നത്.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി വരാന്‍ സമയമെടുത്തതിനാല്‍ കേസ് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ ചിത്രം സമര്‍പ്പിച്ചെങ്കിലും ചിത്രം കാണുന്നത് റിവൈസിങ് കമ്മിറ്റി നീട്ടിവെച്ചു. ഒരു മാസത്തിന് ശേഷം ഇന്നലെയാണ് റിവൈസിങ് കമ്മിറ്റി ജന നായകന്‍ കണ്ടത്.
ഇതിന് പിന്നാലെ ആരാധകരില്‍ ചിലര്‍ ആവേശത്തിലാവുകയും ചിലര്‍ സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിക്കുകയും ചെയ്ത് രംഗത്തെത്തി. ചിത്രം കണ്ട റിവൈസിങ് കമ്മിറ്റി ഈ മാസം അവസാനത്തോടെ ജന നായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ഷന്‍ അവസാനിച്ച ശേഷം മെയ് ആദ്യവാരം തിയേറ്ററുകളിലെത്തുമെന്നും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇലക്ഷന്‍ റിസല്‍ട്ട് പ്രഖ്യാപിച്ച ശേഷമാണ് ജന നായകന്‍ റിലീസാകുന്നതെങ്കില്‍ ചിത്രത്തിലെ വിജയ്‌യുടെ ടൈറ്റില്‍ ദളപതി എന്നാകില്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഇലക്ഷന്‍ ജയിച്ച് വിജയ് മുഖ്യമന്ത്രിയായാല്‍ ടൈറ്റിലില്‍ ‘സി.എം. വിജയ്’ എന്നാകുമെന്നും ആരാധകര്‍ സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിനെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നവരുമുണ്ട്.
ജനുവരിയില്‍ റിലീസാകേണ്ട ചിത്രത്തെ ഇത്രയും നാള്‍ നീട്ടിവെച്ചത് സെന്‍സര്‍ ബോര്‍ഡിന്റെ പ്ലാനാണെന്ന് പലരും ആരോപിക്കുന്നു. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം ഇലക്ഷന് മുമ്പ് പുറത്തിറക്കരുതെന്ന് സെന്‍സര്‍ ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് ഇത്രയും കാലം സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നിര്‍മാതാക്കളെ നടത്തിച്ചതെന്നും പോസ്റ്റുകളുണ്ട്.
ഇലക്ഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നതിനാല്‍ ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കില്ല. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് റിവൈസിങ് കമ്മിറ്റി ജന നായകന്‍ കണ്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ വിശ്വാസ്യത നഷ്ടമായെന്ന് ഉറപ്പായെന്നും പലരും അഭിപ്രായം പങ്കുവെച്ചു.
450 കോടി ബജറ്റിലാണ് ജന നായകന്‍ അണിയിച്ചൊരുക്കിയത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയുടെ റീമേക്കാണ്. ഭഗവന്ത് കേസരിയുടെ കഥയില്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളും ജന നായകനിലുണ്ട്. പൂജ ഹെഗ്‌ഡേ, മമിത ബൈജു. ബോബി ഡിയോള്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Content Highlight: Fans expressing happiness after Censor Board re watching Jana Nayagan Movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ