| Monday, 10th November 2025, 8:24 pm

ഏറ്റവും സെഞ്ച്വറിയുള്ളവനെ കൈവിട്ടു, ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയവനെയും കൈവിട്ടു, ഇനി സഞ്ജുവിന്റെ ഊഴം!

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് കൈമാറ്റം ചെയ്യാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാവുകയാണ്. അഞ്ച് തവണ ഐ.പി.എല്ലിന്റെ നെറുകയിലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് സഞ്ജുവിനെ വിട്ടുനല്‍കി പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് പദ്ധതിയിടുന്നത്.

തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ‘ചേട്ടനെ’ കൈവിട്ടുകളയുന്നതില്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകരും നിരാശയിലാണ്. ഇതിനോടകം തന്നെ അടിത്തറയിളകിയ ടീമിനെ കൂടുതല്‍ നാശത്തിലേക്ക് തള്ളിയിടുന്ന നീക്കമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ കൈവിട്ടുകളയുന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ പതിവാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ നടന്ന താരലേലത്തിന് മുമ്പ് ടീമിന്റെ നെടുംതൂണായി നിന്ന താരങ്ങളെ ടീം റിലീസ് ചെയ്തത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആരാധകരുടെ വിമര്‍ശനം.

രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ഏറ്റവുമധികം സെഞ്ച്വറി നേടുകയും ചെയ്ത താരം ജോസ് ബട്‌ലറാണ് രാജസ്ഥാന്‍ റിലീസ് ചെയ്ത താരങ്ങളില്‍ പ്രധാനി. ഐ.പി.എല്‍ 2025ന് മുമ്പായി നടന്ന മെഗാ താരലേലത്തിലിന് മുമ്പാണ് രാജസ്ഥാന്‍ ബട്‌ലറിനെ കൈവിട്ടുകളഞ്ഞത്.

രാജസ്ഥാനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമനുമാണ് ബട്‌ലര്‍. 82 ഇന്നിങ്‌സില്‍ നിന്നും ഏഴ് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും അടക്കം 3,055 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.

ടീമിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചഹലാണ് രാജസ്ഥാന്‍ കൈവിട്ട മറ്റൊരു പ്രധാന താരം. 62 വിക്കറ്റുകളാണ് രാജസ്ഥാന് വേണ്ടി ചഹല്‍ പിഴുതെറിഞ്ഞത്.

ഐ.പി.എല്‍ 2022ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സെമി പ്രവേശത്തില്‍ ചഹലിന്റെയും ബട്‌ലറിന്റെയും പങ്ക് വളരെ വലുതായിരുന്നു. ഈ സീസണില്‍ ബട്‌ലര്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ചഹല്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ ടീമുമായി വഴിപിരിയുകയാണെങ്കില്‍ സഞ്ജു സാംസണും ഇവര്‍ക്കൊപ്പം ഇടം പിടിക്കും, രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരം, ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം, ക്യാപ്റ്റനായി ഏറ്റവുമധികം മത്സരം കളിച്ച താരം, ക്യാപ്റ്റനായി ഏറ്റവുമധികം മത്സരം വിജയിപ്പിച്ച താരം തുടങ്ങി ഏണ്ണമറ്റ നേട്ടങ്ങളുമായി രാജസ്ഥാന്റെ ചരിത്രത്താളുകളില്‍ ഇടം നേടിയ സഞ്ജു പടിയിറങ്ങുന്നതോടെ ഒരു യുഗാന്ത്യത്തിനാകും സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

Content Highlight: Fans express concern over Rajasthan Royals dropping Sanju Samson

We use cookies to give you the best possible experience. Learn more