ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യിലും വിജയിച്ച് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം വെറും പത്ത് ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ടിലാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ അടിച്ചുവീഴ്ത്തിയത്.
നേരിട്ട 14ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിഷേക്, മത്സരത്തല്‍ 20 പന്തില്‍ പുറത്താകാതെ 64 റണ്‍സ് നേടി. അഞ്ച് സിക്‌സറും ഏഴ് ഫോറും അടക്കം 340.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. ക്യാപ്റ്റന്‍ സൂര്യ 26 പന്തില്‍ പുറത്താകാതെ 57 റണ്‍സും നേടി.
60 പന്ത് ശേഷിക്കെ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം ‘സൂര്യാഭിഷേകത്തില്‍’ ഇന്ത്യ മറികടക്കുകയായിരുന്നു.
മത്സരത്തിന് ശേഷം നടന്ന ഒരു രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പരാജയത്തിന് പിന്നാലെ ന്യൂസിലാന്‍ഡ് താരങ്ങള്‍ അഭിഷേകിനോട് സംസാരിക്കുന്നതിനിടെ താരത്തിന്റെ ബാറ്റ് തമാശരൂപത്തില്‍ പരിശോധിക്കുകയായിരുന്നു. ഇതെല്ലാം അഭിഷേക് പുഞ്ചിരിയോടെ ആസ്വദിക്കുന്നുമുണ്ടായിരുന്നു.
സംഭവം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ കമന്റുകളും അവര്‍ പങ്കുവെക്കുന്നുണ്ട്. ‘നോക്കണ്ട, ബാറ്റില്‍ സ്പ്രിങ് ഒന്നുമില്ല’, ‘യുവി വളര്‍ത്തിയെടുത്തവനാണ്, അപ്പോള്‍ ഇതല്ല ഇതിനപ്പുറം പ്രതീക്ഷിക്കണം’ തുടങ്ങിയ കമന്റുകളാണ് ഉയരുന്നത്.
14 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയെങ്കിലും തന്റെ മെന്ററിനൊപ്പമെത്താന്‍ അഭിഷേകിന് സാധിച്ചിട്ടില്ല. അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് ഇപ്പോഴും യുവരാജിന്റെ പേരില്‍ തന്നെയാണ്.
2007 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തിലായിരുന്നു യുവിയുടെ ഫിഫ്റ്റി പിറന്നത്. സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരു ഓവറില്‍ ആറ് സിക്‌സറിന് പറത്തിയ അതേ ഇന്നിങ്‌സില്‍ തന്നെയായിരുന്നു യുവിയുടെ ചരിത്ര നേട്ടം.
(താരം – എതിരാളികള്‍ – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)
യുവരാജ് സിങ് – ഇംഗ്ലണ്ട് – 12 – 2007
അഭിഷേക് ശര്‍മ – ന്യൂസിലാന്‍ഡ് – 14 – 2026*
ഹര്‍ദിക് പാണ്ഡ്യ – സൗത്ത് ആഫ്രിക്ക – 16 – 2025
അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 17 – 2025
ജനുവരി 28നാണ് ഇന്ത്യ – ന്യൂസിലാന്‍ഡ് പരമമ്പരയിലെ നാലാം മത്സരം. വിശാഖപട്ടണമാണ് വേദി. ടി-20 ലോകകപ്പിന് തൊട്ടുമുമ്പ് പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ തന്നെയാകും ഇന്ത്യ ഒരുങ്ങുന്നത്.
Content Highlight: Fans discuss the incident of New Zealand players checking Abhishek Sharma’s bat