റിലീസിന് മുമ്പ് ഇന്സൈഡ് റിപ്പോര്ട്ടുകള് എന്ന പേരില് സോഷ്യല് മീഡിയയില് പല കാര്യങ്ങളും വൈറലാകാറുണ്ട്. സിനിമയുടെ ഏറ്റവുമടുത്ത് നില്ക്കുന്ന ടീം പറഞ്ഞു എന്ന പേരില് ഒരുപാട് കാര്യങ്ങള് ഇത്തരത്തില് ഷെയര് ചെയ്യുകയും അതില് ചിലത് സത്യമാവുകയും ചെയ്യാറുണ്ട്. എന്നാല് ഭൂരിഭാഗം സമയത്തും ഇത്തരം ഇന്സൈഡ് റിപ്പോര്ട്ടുകള് വ്യാജമാകാറാണ് പതിവ്.
അതിലെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ജയിലര് 2ലെ മോഹന്ലാലിന്റെ പോര്ഷന്. ആദ്യഭാഗത്തില് വെറും രണ്ട് സീനില് മാത്രം വന്ന് തിയേറ്ററുകള്ക്ക് തീയിട്ട കഥാപാത്രമായിരുന്നു മാത്യു. രജിനി അവതരിപ്പിച്ച മുത്തുവേല് പാണ്ഡ്യന്റെ സഹായിയായി മോഹന്ലാല് ഞെട്ടിച്ചു. സെക്കന്ഡ് പാര്ട്ട് അനൗണ്സ് ചെയ്തപ്പോള് പലരും ഉറ്റുനോക്കിയത് മാത്യുവിന്റെ തിരിച്ചുവരവിനായിരുന്നു.
ടീസറിലും മറ്റ് അപ്ഡേറ്റുകളിലും മോഹന്ലാലിന്റെ ലുക്കിനെ ഒളിപ്പിച്ച് വെച്ചതോടെ മാത്യുവിനെക്കുറിച്ച് ചില ‘ഇന്സൈഡ് റിപ്പോര്ട്ടുകള്’ പുറത്തുവന്നു. അനിരുദ്ധിന്റെ ഐക്കോണിക് ബി.ജി.എമ്മിന് മുമ്പ് മോഹന്ലാലിന്റെ വിന്റേജ് സോങ്ങായ ‘ഓക്കേല ഓക്കേല’ ആദ്യം പ്ലേ ചെയ്തേക്കുമെന്നും ഈ പാട്ടിന്റെ ബാക്ക്ഗ്രൗണ്ടിലൂടെയാകും മോഹന്ലാലിന്റെ എന്ട്രി എന്നും ഈ റിപ്പോര്ട്ടില് പറഞ്ഞു.
ഇതും പോരാതെ ട്രെയ്ലര് റിലീസായ ശേഷം വേറെയും ചില ‘ഇന്സൈഡ് റിപ്പോര്ട്ടുകള്’ പുറത്തുവന്നു. ആദ്യഭാഗത്തില് കാമിയോ റോള് ചെയ്തവരിലൊരാള് രജിനിക്ക് എതിരാകുമെന്നും അത് മോഹന്ലാലാകാനാണ് സാധ്യതയെന്നും ഇത്തരം റിപ്പോര്ട്ടില് പറഞ്ഞിരുന്നു. പത്ത് മിനിറ്റ് തിയേറ്റര് നിര്ത്തി കത്തിക്കുമെന്നൊക്കെയുള്ള തള്ളുകള് ആദ്യ ഷോയ്ക്ക് പിന്നാലെ അവസാനിച്ചു.
റിലീസിന്റെ തലേദിവസം സംവിധായകന് നെല്സണ് പറഞ്ഞതുപോലെ ആദ്യഭാഗത്തിലെ കാമിയോകള് ഇത്തവണയുമുണ്ടെന്നും എന്നാല് വളരെ ചെറിയ സമയമായിരിക്കുമെന്നത് റിലീസിന് ശേഷം സത്യമായി. എന്നാല് ആരോ സോഷ്യല് മീഡിയയില് ഷെയര് ചെയ്ത ‘തള്ള്’ കേട്ട് മോഹന്ലാല് ഫാന്സ് മണ്ടന്മാരായെന്ന് ട്രോള് പേജുകള് പരിഹസിക്കുന്നു.
‘മോഹന്ലാലിന്റെ ഇന്ട്രോ ബി.ജി.എം ഓക്കേ അല്ലേ എന്ന് അനിരുദ്ധ് നെല്സണോട് ചോദിച്ചത് ആരോ തെറ്റിദ്ധരിച്ച് ഓക്കേല എന്ന് ആക്കിയതാകും’, ‘ഈ സിനിമയിലെ സെക്കന്ഡ് ഹീറോ മോഹന്ലാലാണ്; വെറും സെക്കന്ഡുകള് മാത്രമുള്ള ഹീറോ എന്ന രീതിയിലാണെന്ന് മാത്രം’, ‘ലാലേട്ടന്റെ ഇന്ട്രോയ്ക്ക് പറത്താനുള്ള പേപ്പര് കൈയീന്ന് വീണു. അത് തിരിച്ചെടുത്തപ്പോഴേക്ക് പുള്ളിയുടെ സീനും കഴിഞ്ഞു’ എന്നിങ്ങനെയാണ് ലാല് ഫാന്സിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകള്.
ക്ലൈമാക്സ് സീനില് മോഹന്ലാലിന്റെ ഗെറ്റപ്പിനും വിമര്ശനങ്ങള് ലഭിക്കുന്നുണ്ട്. വെപ്പ് താടിയും വിഗ്ഗുമായി പ്രത്യക്ഷപ്പെട്ട മാത്യു കാണാന് കുറച്ച് ബോറായിരുന്നെന്ന് ചിലര് അഭിപ്രായപ്പെട്ടു. മോഹന്ലാല് താടിയെടുത്തത് ചിത്രത്തിന്റെ കണ്ടിന്യൂറ്റിയെ ബാധിക്കുമെന്ന് കരുതിയാണ് ഇത്തരമൊരു ലുക്കിലേക്ക് മാറ്റിയതെന്നും കമന്റുകളുണ്ട്. എന്നാല് ഇത്തരം വിമര്ശനങ്ങള്ക്കിടയിലും മികച്ച ബുക്കിങ്ങാണ് ജയിലര് 2ന്.
Content Highlight: Fans disappointed on Mohanlal’s cameo in Jailer 2 movie