| Friday, 6th March 2026, 8:00 pm

ഈ വാശി പ്രൊമോഷന്റെ കാര്യത്തില്‍ കാണാനില്ലല്ലോ, പേട്രിയറ്റിന്റെ തിയേറ്റര്‍ വിലക്കിന് പിന്നാലെ ആന്റോ ജോസഫിനെ വിമര്‍ശിച്ച് ആരാധകര്‍

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയുടെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്നു എന്നതാണ് പേട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. അറിയിപ്പിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്‍ഡസ്ട്രിയില്‍ നാഴികക്കല്ലാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

എന്നാല്‍ റിലീസിന് ഒരു മാസത്തിലധികം ബാക്കിനില്‍ക്കെ വലിയ പ്രതിസന്ധിയാണ് പേട്രിയറ്റ് നേരിടുന്നത്. ചിത്രം പദര്‍ശിപ്പിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചിരിക്കുകയാണ്. തിയേറ്ററുകളോട് അമിതമായ ഷെയര്‍ ചോദിച്ചതുകൊണ്ടാണ് ഫിയോക് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

ഇതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫിനെതിരെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. വേണ്ട രീതിയില്‍ പ്രൊമോഷന്‍ നടത്താതെ തിയേറ്റര്‍ ലാഭം മാത്രമാണ് ആന്റോ ജോസഫ് നോക്കുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. തിയേറ്റര്‍ ഷെയര്‍ ചോദിച്ചുവാങ്ങാന്‍ കാണിച്ച വാശി പ്രൊമോഷന്റെ കാര്യത്തില്‍ ആന്റോ ജോസഫ് കാണിക്കുന്നില്ലെന്നും കമന്റുകളുണ്ട്.

60 ശതമാനം ഷെയറാണ് തിയേറ്റര്‍ ഉടമകളോട് ആന്റോ ജോസഫ് ആവശ്യപ്പെട്ടത്. മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകുമെന്ന് പലരും കരുതുന്ന ദൃശ്യം 3 പോലും 55 ശതമാനം ഷെയറാണ് തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടത്. ആന്റോയുടേത് പിടിവാശിയാണെന്നും സിനിമയുടെ ബജറ്റ് മുഴുവന്‍ തിയേറ്ററില്‍ നിന്നുതന്നെ വേണമെന്നാണ് ഉദ്ദേശമെന്നും പലരും ആരോപിക്കുന്നുണ്ട്.

ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് വേണ്ട രീതിയില്‍ പ്രൊമോഷന്‍ നല്‍കാത്തതിന്റെ പേരില്‍ കുറച്ചുദിവസം മുമ്പ് ആന്റോ ജോസഫിനെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു. അനൗണ്‍സ് ചെയ്ത സമയത്തെ ഹൈപ്പ് പിന്നീട് നിലനിര്‍ത്തുന്നതില്‍ പ്രൊഡക്ഷന്‍ ടീം പരാജയമായി മാറി. ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സെക്കന്‍ഡ് ലുക്ക് പോസ്റ്ററിനും തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്.

നിര്‍മിച്ച സിനിമകള്‍ക്കൊന്നും വേണ്ട രീതിയില്‍ പ്രൊമോഷന്‍ നടത്താത്തതിന്റെ പേരില്‍ ആന്റോ ജോസഫ് പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. ഗാനഗന്ധര്‍വന്‍, പ്രീസ്റ്റ് തുടങ്ങിയ സിനിമകള്‍ ഒരു പ്രൊമോഷനും നല്‍കാതെ റിലീസ് ചെയ്തത് ബോക്‌സ് ഓഫീസ് പ്രകടനത്തെ ബാധിച്ചിരുന്നു. ഇത്രയും വലിയ പ്രൊജക്ട് ആന്റോ ജോസഫിന് പുള്‍ ഓഫ് ചെയ്യാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വന്‍ ബജറ്റിലൊരുങ്ങുന്ന സ്‌പൈ ത്രില്ലറാണ് പേട്രിയറ്റ്. കേരളത്തിന് പുറമെ ശ്രീലങ്ക, ദല്‍ഹി, ഹൈദരബാദ്, ദുബായ്, യു.കെ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ഡിഫന്‍സ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ജെയിംസായി മമ്മൂട്ടി വേഷമിടുമ്പോള്‍ കേണല്‍ റഹീം നായിക് എന്ന കഥാപാത്രത്തെ മോഹന്‍ലാലും അവതരിപ്പിക്കുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലന്‍.

Content Highlight: Fans criticizing Anto Joseph after the ban of Patriot movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more