ന്യൂദൽഹി: ദൽഹിയിൽ അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസിയുടെ ഇന്ത്യ ടൂർ 2025 ന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ എ.ക്യൂ.ഐ മുദ്രവാക്യവുമായി കാണികൾ.
അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലായിരുന്നു സംഭവം. സ്റ്റേഡിയത്തിലുണ്ടായിരുന്ന ആളുകളിൽ ഒരു വിഭാഗമാണ് മുഖ്യമന്ത്രിക്ക് നേരെ എ.ക്യൂ.ഐ എന്ന് വിളിച്ചുകൊണ്ട് പരിഹസിച്ചത്.
രേഖ ഗുപ്ത സ്റ്റേഡിയത്തിലെ വേദിയിലേക്ക് നടന്നടുക്കുമ്പോൾ പിന്നിൽനിന്നും കാണികൾ കൂകിവിളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
ദൽഹിയിലെ വായു മലിനീകരണത്തിൽ സർക്കാരിന് നേരെ വലിയ വിമർശനം ഉയരുകയും ഈ വിഷയം സുപ്രീം കോടതിയിൽ വാദം കേൾക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദൽഹി മുഖ്യമന്ത്രിക്ക് നേരെ ഇത്തരമൊരു പരിഹാസം ഉണ്ടാകുന്നത്.
രേഖ ഗുപ്തയ്‌ക്കൊപ്പം ഐ.സി.സി ചെയർമാൻ ജയ് ഷായും ഡി.ഡി.സി.എ പ്രസിഡന്റ് രോഹൻ ജെയ്റ്റ്‌ലിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
നിരവധി രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് എക്സിൽ വീഡിയോ പങ്കിട്ടുകൊണ്ട് നാണക്കേടായെന്ന് പ്രതികരിച്ചു.
ദൽഹിയിൽ രൂക്ഷമായ വായു മലിനീകരണ സാഹചര്യങ്ങൾ നിലനിൽക്കെയാണ് സോഷ്യൽ മീഡിയയിൽ ഈ വിഷയം ചർച്ചയാകുന്നത്.
തിങ്കളാഴ്ച ദൽഹിയുടെ വായു ഗുണനിലവാര സൂചിക 498 ൽ എത്തി. ഗുരുതര വിഭാഗത്തിലാണ് ദൽഹിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദൽഹി-എൻ.സി.ആറിലെ വായു ഗുണനിലവാരം വഷളാകുന്നത് സംബന്ധിച്ച ഹർജി ഡിസംബർ 17 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.
Content Highlight: Fans chant AQI slogans at Delhi CM as he walks into stadium with Messi