| Saturday, 12th September 2026, 9:16 pm

ഫ്രെയിം പാറുങ്ക ജീ... തലയും ദളപതിയുമല്ല, റേസിങ് ചാമ്പ്യനും ചീഫ് മിനിസ്റ്ററും ഒരു ഫ്രെയിമില്‍; ആരാധകര്‍ക്ക് ആഘോഷരാവ്

അമര്‍നാഥ് എം.

തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളാണ് അജിത്തും വിജയ്‌യും. മൂന്ന് പതിറ്റാണ്ടോളം കോളിവുഡില്‍ നിറഞ്ഞുനിന്ന ഇരുവരും ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി തമിഴകത്തിന്റെ മുഖ്യമന്ത്രിയായി വിജയ്‌യും സിനിമക്ക് ഇടവേള നല്‍കി തന്റെ പാഷനായ റേസിങ്ങില്‍ ശ്രദ്ധ നല്‍കുന്ന അജിത്തുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

സിനിമ കരിയറില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട അവസരങ്ങള്‍ കുറവാണ്. മുന്‍ മുഖ്യമന്ത്രി കലൈജ്ഞറുടെ പിറന്നാള്‍ ദിനത്തിലും ചില അവാര്‍ഡ് ഫങ്ഷനുകളിലും മാത്രമേ ഒരുമിച്ച് വന്നിട്ടുള്ളൂ. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം തലയും ദളപതിയും ഒരു ഫ്രെയിമില്‍ ഒന്നിച്ചതാണ് ആരാധകര്‍ക്ക് സന്തോഷം നല്‍കിയ വിഷയം.

ലണ്ടനില്‍ നടക്കുന്ന അജിത്തിന്റെ കാര്‍ റേസ് ഫ്‌ളാഗ് ഓഫ് ചെയ്തത് വിജയ്‌യാണ്. വിദേശനിക്ഷേപകരെ കാണാനായി ലണ്ടനിലെത്തിയ വിജയ് ലോകപ്രശസ്തമായ സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടിലെത്തി അജിത്തിനെ നേരില്‍ കാണുകയും ഒന്നിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. സിനിമക്ക് പകരം ഇരുവരും മറ്റൊരു മേഖലയില്‍ വെന്നിക്കൊടി പാറിച്ച് നില്‍ക്കുമ്പോള്‍ കിട്ടിയ ഈ ഗോള്‍ഡന്‍ മൊമന്റ് സോഷ്യല്‍ മീഡിയക്ക് തീയിട്ടിരിക്കുകയാണ്.

ഫാന്‍ഫൈറ്റിന്റെ പേരില്‍ ആരാധകര്‍ തമ്മിലുള്ള കലഹമെല്ലാം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പരസ്പരവിദ്വേഷം വെടിഞ്ഞ് സാഹോദര്യത്തോടെ കഴിയാന്‍ ഈയൊരു ചിത്രത്തിലൂടെ അജിത്തും വിജയ്‌യും പറയാതെ പറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഫാന്‍സ് ക്ലബ്ബ് പിരിച്ചുവിട്ടെങ്കിലും അജിത്തിന്റെ ആരാധക പിന്തുണക്ക് ഒരിടിവും സംഭവിച്ചിട്ടില്ലെന്ന് പറയാനാകും.

അജിത്തിന്റെ ആഗ്രഹപ്രകാരം വിജയ് നയിക്കുന്ന ടി.വി.കെ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് പ്രൊമോട്ട് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അജിത്- വിജയ് ആരാധകര്‍ പഴയ ഫാന്‍ഫൈറ്റെല്ലാം മറന്ന് ഒന്നാകാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ലണ്ടനില്‍ അജിത്തും വിജയ്‌യും കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇരുതാരങ്ങളുടെയും ആരാധകര്‍ വലിയ ആവേശത്തിലായി. കാലങ്ങളായി കാണാനാഗ്രഹിച്ച ഫ്രെയിം ഇപ്പോള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. തലയും ദളപതിയും ഒന്നിച്ച് ഒരു സിനിമ ചെയ്യാത്തതില്‍ മാത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് നിരാശ.

Content Highlight: Fans celebrating the photo of Vijay and Ajith in London

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more