ഐ.പി.എല്‍ 2025ന് മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെയും ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ട് ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ ഗ്രീനിന്റെ പ്രകടനത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരനെ ടീമിലെത്തിക്കാന്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.
കെ.കെ.ആര്‍ വൈബ് എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പര്‍പ്പിള്‍ ആര്‍മിയൊന്നാകെ ഏറ്റെടുക്കുകയായിരുന്നു.
‘മാനേജ്‌മെന്റിന്റെ ശ്രദ്ധയ്ക്ക്. കഴിഞ്ഞ കുറച്ച് അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ കാമറൂണ്‍ ഗ്രീന്‍ ചെയ്യുന്നതെന്താണെന്ന് ശ്രദ്ധിച്ച് കാണുക.
നമുക്ക് ഒരു ഓള്‍ റൗണ്ടറെ ആവശ്യമുണ്ട്, നമുക്ക് ഒരു മാറ്റം ആവശ്യമാണ്, ഭാവിയിലേക്ക് ഒരു താരത്തെ ആവശ്യമുണ്ട്, ടോപ്പ് ഫോറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു താരത്തെ ആവശ്യമുണ്ട്,’ എന്ന പോസ്റ്റ് ഇതിനെല്ലാം പോന്ന താരം കാമറൂണ്‍ ഗ്രീന്‍ ആണെന്ന് പറയുന്നു.
ഈ പോസ്റ്റിന് പിന്നാലെ ആരാധകരും രംഗത്തെത്തി. ആന്ദ്രേ റസലിനെ റിലീസ് ചെയ്ത് കാമറൂണ്‍ ഗ്രീനിനെയും സ്വന്തമാക്കണം, സഞ്ജു സാംസണും കാമറൂണ്‍ ഗ്രീനും വന്നാല്‍ തന്നെ നമ്മുടെ 90 ശതമാനം പ്രശ്‌നവും പരിഹരിക്കപ്പെടും എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.
സഞ്ജു സാംസണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കാന്‍ ശ്രമിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും പറഞ്ഞിരുന്നു.
‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സായിരിക്കും സഞ്ജുവിനെ സ്വന്തമാക്കാന്‍ ഏറ്റവുമധികം താത്പര്യം പ്രകടിപ്പിക്കുന്ന ടീം എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ക്ക് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറില്ല, അത് അവരെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സഞ്ജു ഒരു ക്യാപ്റ്റന്‍സി മെറ്റീരിയല്‍ കൂടിയാണ്. അവരുടെ നിലവിലെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ക്യാപ്റ്റന്‍സിയില്‍ മികച്ചുനിന്നുവെന്നും റണ്‍സ് സ്‌കോര്‍ ചെയ്തുവെന്നതും എനിക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്. അജിന്‍ക്യ രഹാനെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ അനുയോജ്യനാണ്, മറിച്ചാണെങ്കില്‍ ബാറ്റിങ് ഓര്‍ഡര്‍ ബുദ്ധിമുട്ടിലാകും.
സഞ്ജു സാംസണെ സ്വന്തമാക്കാനായി റിലീസ് ചെയ്യാന്‍ പറ്റിയ ഒരാള്‍ കൊല്‍ക്കത്തയില്‍ തന്നെയുണ്ട്. 24 കോടിക്കാണ് വെങ്കിടേഷ് അയ്യരിനെ അവര്‍ സ്വന്തമാക്കിയത്. അവനെ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് വലിയ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും,’ ചോപ്ര വ്യക്തമാക്കി.
Content highlight: Fans asking KKR to bring Cameroon Green and Sanju Samson in IPL 2025