ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയമൊഴിവാക്കി സമനില നേടിയെന്ന വാര്‍ത്ത ആശ്വാസത്തോടെ കേട്ട ആരാധകരെ നിരാശരാക്കിയാണ് സൂപ്പര്‍ താരം ആര്‍. അശ്വിന്റെ വിരമിക്കല്‍ വാര്‍ത്തയെത്തിയത്. മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിന്‍ തന്റെ വിരമിക്കല്‍ തീരുമാനമറിയിച്ചത്.
എന്നാലിപ്പോള്‍ അശ്വിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ചര്‍ച്ചാ വിഷയം. എക്‌സില്‍ വിരാട് കോഹ്‌ലിയുടെ ആശംസാ പോസ്റ്റിന് മറുപടിയെന്നോണമാണ് അശ്വിന്‍ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
‘ഞാന്‍ നിങ്ങള്‍ക്കൊപ്പം 14 വര്‍ഷത്തോളം കളിച്ചു. വിരമിക്കാന്‍ പോവുകയാണെന്ന് നീ അറിയിച്ചപ്പോള്‍ ഞാന്‍ ഏറെ വികാരാധീനനായി. നമ്മള്‍ ഒന്നിച്ച് കളിച്ച കാലങ്ങള്‍ ഒരു ഫ്‌ളാഷ്ബാക്ക് എന്നോണം എന്റെ മുമ്പില്‍ തെളിഞ്ഞു. നിങ്ങള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു ആഷ്.
നിങ്ങളുടെ സ്‌കില്ലുകളും മാച്ച് വിന്നിങ് പ്രകടനങ്ങളുമെല്ലാം തന്നെ ഒരാള്‍ക്ക് പോലും പകരം വെക്കാന്‍ സാധിക്കാത്തതാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു ഇതിഹാസമായി നിങ്ങള്‍ എക്കാലവും, എക്കാലവും അറിയപ്പെടും.
നിങ്ങള്‍ക്കും കുടുംബത്തിനും ജീവിതത്തില്‍ നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് ബഹുമാനത്തോടെയും അതിലേറെ സ്‌നേഹത്തോടെയും, എല്ലാത്തിനും നന്ദി പ്രിയ സുഹൃത്തേ,’ എന്നാണ് വിരാട് അശ്വിന് ആശംസയറിയിച്ച് കുറിച്ചത്.
ഇതിന് മറുപടിയായി ‘ഒരുപാട് നന്ദി പ്രിയപ്പെട്ടവനേ! ഞാന്‍ നിന്നോട് നേരത്തെ പറഞ്ഞതുപോലെ, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിനക്കൊപ്പം ബാറ്റ് ചെയ്യാന്‍ ഞാനുമുണ്ടാകും,’ എന്നാണ് അശ്വിന്‍ മറുപടി നല്‍കിയത്.
ഇതോടെ ആരാധകരെല്ലാം ആവേശത്തിലായിരിക്കുകയാണ്. അശ്വിന്‍ വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങി വരാനുള്ള ഒരുക്കത്തിലാണോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. ഇത് സത്യമാകണമെന്നും, അശ്വിന്‍ തിരിച്ചുവരണമെന്നുമെല്ലാം ആരാധകര്‍ പറയുന്നുണ്ട്.
2022 ടി-20 ലോകകപ്പില്‍ വിരാടിനൊപ്പം ചേര്‍ന്ന് അശ്വിന്‍ മെല്‍ബണില്‍ ചരിത്രം കുറിച്ച കഥ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും ഓര്‍ത്തുവെക്കപ്പെടുന്ന ഒന്നാണ്.
പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിരാടിന്റെ അപരാജിത പോരാട്ട വീര്യവും ആര്‍. അശ്വിന്‍ എന്ന മാസ്റ്റര്‍ സ്ട്രാറ്റജിസ്റ്റിന്റെ ക്രിക്കറ്റ് ഐ.ക്യുവുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മുഹമ്മദ് നവാസിന്റെ വൈഡ് കെണിയില്‍ വീഴാതെ വിട്ടുകളഞ്ഞ അശ്വിന്റെ ക്രിക്കറ്റ് ബ്രില്യന്‍സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
അതേസമയം, ഇതേ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അടുത്ത മത്സരം. ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ബോക്‌സിങ് ഡേ ടെസ്റ്റില്‍ അശ്വിന്‍ ഒരിക്കല്‍ക്കൂടി വിരാടിനൊപ്പം ബാറ്റുമായി ചരിത്രം കുറിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Fans are speculating about R Ashwin’s return to cricket after his latest social media post