| Wednesday, 30th September 2026, 10:05 pm

കാവാലയ്യ അല്ല, അനിക്ക് വയ്യ... പഴയ ഫയറില്ലാതെ ജയിലര്‍ 2ലെ പാട്ടുകള്‍, ആകെ കൊള്ളാവുന്നത് ഒരൊറ്റ പാട്ടെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയുടെ ഹൈപ്പിലെത്തിയ ചിത്രമാണ് ജയിലര്‍ 2. രജിനികാന്ത്- നെല്‍സണ്‍ കോമ്പോയിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവില്‍ ഇത്തവണ എന്തൊക്കെ സംഭവിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

രജിനികാന്ത് സിനിമകളില്‍ സംഗീതം കൊണ്ട് വിസ്മയിപ്പിക്കുന്ന അനിരുദ്ധാണ് ജയിലര്‍ 2ന്റെയും പാട്ടുകള്‍ ഒരുക്കിയത്. വലിയ ഹൈപ്പില്ലാതിരുന്ന ജയിലറിന് ‘ഹുക്കും’ എന്ന ഒരൊറ്റ പാട്ട് കൊണ്ട് വലിയ ബൂസ്റ്റ് നല്‍കിയ അനി മാജിക് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിനായി അനിരുദ്ധ് ഒരുക്കിയ ഗാനങ്ങള്‍ പഴയ ലെവലിലെത്തിയില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം.

ഇതുവരെ നാല് പാട്ടുകളാണ് ജയിലര്‍ 2ന്റേതായി പുറത്തുവന്നത്. നാലാമത്തെ ഗാനമായ ‘ബിന്ദാസ്’ ഇന്ന് പുറത്തുവിട്ടു. ആദ്യഭാഗത്തില്‍ തമന്ന ഭാഗമായ ‘കാവാലയ്യ’ എന്ന പാട്ടിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ‘ബിന്ദാസ്’ ഒരുക്കിയിട്ടുള്ളത്. ബോളിവുഡ് താരം നോറ ഫത്തേഹിയാണ് രണ്ടാം ഭാഗത്തില്‍ ഡാന്‍സ് നമ്പറുമായി എത്തുന്നത്.

‘കാവാലയ്യ’യുടെ റേഞ്ചിലേക്ക് പുതിയ ഗാനം എത്തിയില്ലെന്നാണ് പലരുടെയും വിമര്‍ശനം. ഗ്ലാമറസായ വേഷത്തില്‍ നോറയും കോട്ടും സ്യൂട്ടും ധരിച്ച് രജിനിയും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും യാതൊരു ഇംപാക്ടും ‘ബിന്ദാസ്’ ഉണ്ടാക്കിയിട്ടില്ലെന്നാണ് കമന്റുകള്‍. ചിത്രത്തിന്റേതായി ആദ്യം പുറത്തുവന്ന പാട്ടുകളിലും അനി ടച്ചില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.

ആദ്യഗാനമായ ‘അല്ല ബോലേലോ’, രണ്ടാമത്തെ ഗാനമായ ‘വണ്‍ സണ്‍ വണ്‍ മൂണ്‍’ എന്നീ പാട്ടുകള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും കഴിഞ്ഞദിവസം പുറത്തുവന്ന ‘വണ്‍ നെയിം’ മാത്രമാണ് തമ്മില്‍ ഭേദമെന്നും കമന്റുകളുണ്ട്. ജയിലര്‍ 2ന്റെ ഹൈപ്പിനൊത്ത് പാട്ടുകള്‍ പുറത്തുവരാത്തതാണോ അതോ അനിരുദ്ധിന്റെ സ്‌റ്റോക്ക് തീര്‍ന്നതാണോ എന്നാണ് പ്രധാന ചോദ്യം.

രജിനിക്ക് വേണ്ടി സംഗീതമൊരുക്കുമ്പോള്‍ എപ്പോഴും തന്റെ 200 ശതമാനം എഫര്‍ട്ടാണ് അനിരുദ്ധ് നല്‍കാറുള്ളത്. പേട്ട, ദര്‍ബാര്‍, ജയിലര്‍, വേട്ടൈയന്‍, കൂലി എന്നീ ചിത്രങ്ങളില്‍ അനിയുടെ സംഗീതം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. വരാനിരിക്കുന്ന ധര്‍മന്‍, രജിനി- കമല്‍ റീയൂണിയന്‍ എന്നീ ചിത്രങ്ങളിലും അനിരുദ്ധ് തന്നെയാണ് സംഗീതം. ജയിലര്‍ 2ലെ ഫുള്‍ ആല്‍ബത്തില്‍ ഇനിയും സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Fans are not happy on Anirudh’s music in Jailer 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more