| Friday, 5th December 2025, 6:05 pm

അയ്യോ, ചെയ്യല്ലേ, ശിവയുമായി അജിത് കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് അജിത് കുമാര്‍. സിനിമക്കൊപ്പം തന്റെ പാഷനായ റേസിങ്ങും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ അജിത്തിന് സാധിക്കാറുണ്ട്. ഇത്തവണത്തെ റേസിങ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനാല്‍ ഒരുവര്‍ഷത്തേക്ക് താന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം അജിത്തിന്റെ മത്സരം കാണാന്‍ സംവിധായകന്‍ ശിവ എത്തിയതാണ് സിനിമാലോകത്തെ ചര്‍ച്ചാവിഷയം. മലേഷ്യയില്‍ നടക്കുന്ന മത്സരം കാണാനെത്തിയ ശിവ അജിത്തുമായി സിനിമ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ഇരുവരും നാല് സിനിമകളില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് സിനിമകള്‍ ഗംഭീരമായപ്പോള്‍ രണ്ടെണ്ണം ട്രോള്‍ മെറ്റീരിയലായി മാറി. ഒപ്പം ശിവയുടെ അവസാന രണ്ട് സിനിമകളുടെ ബോക്‌സ് ഓഫീസ് പ്രകടനം മോശമായതും ആരാധകരെ നിരാശരാക്കുന്നുണ്ട്. കങ്കുവയുടെ പ്രൊമോഷന്‍ സമയത്ത് അജിത്തുമായി ഒരു ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ശിവ അറിയിച്ചിരുന്നു.

എന്നാല്‍ ശിവയുടെ സന്ദര്‍ശനം ട്രോള്‍ പേജുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും വീണ്ടും ഒന്നിക്കുകയാണെങ്കില്‍ ചിത്രത്തിന്റെ പേര് എന്താകുമെന്നാണ് പല ട്രോള്‍ പേജുകളും അഭിപ്രായപ്പെടുന്നത്. കാര്‍ റേസ് പ്രധാന തീമാകുന്ന സിനിമയാണ് ഒരുക്കുന്നതെന്നും ‘വളവില്‍ മുടിപ്പവന്‍’ എന്നാകും ടൈറ്റിലെന്നും ട്രോളുണ്ട്. ഹോളിവുഡ് ചിത്രം F1 റീമേക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അജിത് അടുത്തിടെ അറിയിച്ചിരുന്നു. ശിവ സംവിധാനം ചെയ്യുന്നത് ഈ പ്രൊജക്ടായേക്കുമെന്നാണ് ചില പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘V’യില്‍ ആരംഭിച്ച് ‘M’ല്‍ അവസാനിക്കുന്ന ടൈറ്റിലുകളാണ് ഇരുവരും ഒന്നിച്ച നാല് സിനിമകള്‍ക്കും നല്കിയത്. വീരം, വേതാളം, വിവേകം, വിശ്വാസം എന്നിവയാണ് നാല് സിനിമകളുടെ ടൈറ്റില്‍. ഇനി ഈ കോമ്പോ ഒന്നിക്കരുതെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെന്നും പോസ്റ്റുകളുണ്ട്. അജിത്തിന്റെ അടുത്ത ചിത്രം ആദിക് രവിചന്ദ്രനൊപ്പമാണ്.

AK 64 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അജിത്- ആദിക്- അനിരുദ്ധ് കോമ്പോ ഒന്നിക്കുന്ന ചിത്രം അടുത്തവര്‍ഷമാകും ഷൂട്ട് ആരംഭിക്കുക. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാകും ഈ ചിത്രം ഒരുക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight: Fans are not happy after the reports that Ajith and Siva joining together

We use cookies to give you the best possible experience. Learn more