| Wednesday, 15th July 2026, 10:03 am

സഞ്ജു തല്ലിച്ചതച്ച ടീമിനെതിരെ ഇന്ത്യക്ക് മത്സരം ഒരുങ്ങുന്നു; ചേട്ടന്‍ ടീമിലുണ്ടാവുമോ?

സുദേവ് എ

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ഇന്ത്യ-ബംഗ്ലാദേശ് ഏകദിന, ടി-20 പരമ്പര നടക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഈ പരമ്പര ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും ഇരു ടീമുകളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ ഈ പരമ്പര നടത്താന്‍ ധാരണയായിരുന്നില്ല. ഇപ്പോള്‍ ഈ സീരിസ് നടത്താന്‍ ധാരണയായെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഇന്ത്യയുടെ മുന്നിലുള്ളത് ജൂലൈ 23 മുതല്‍ ആരംഭിക്കുന്ന സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയാണ്. ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. 2026 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താതെ പോവുകയായിരുന്നു.

സഞ്ജുവിനെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആരാധകരെയും ക്രിക്കറ്റ് അനലിസ്റ്റുകളെയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ഈ തീരുമാനം. സിംബാബ്വേ പരമ്പരക്ക് ശേഷം ബംഗ്ലാദേശിനെതിരെയുള്ള പരമ്പര വരുന്നതിനാല്‍ സഞ്ജു ടീമിലുണ്ടാവുമോയെന്നനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സഞ്ജു ടീമില്‍ ഇടം നേടിയാല്‍ ബംഗ്ലാദേശ് പരമ്പരക്ക് ശേഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി സഞ്ജുവിന് ഈ പരമ്പര ഉപയോഗപ്പെടുത്താനാവും. ബംഗ്ലാദേശിനെതിരെ ടി-20യില്‍ മികച്ച റെക്കോഡാണ് സഞ്ജുവിനുള്ളത്. ഇന്ത്യക്കൊപ്പമുള്ള തന്റെ ആദ്യ ടി-20 സെഞ്ച്വറി സഞ്ജു അടിച്ചെടുത്തത് ബംഗ്ലാദേശിനെതിരെയായിരുന്നു.

2024ല്‍ ബംഗ്ലാദേശിനെതിരെ 47 പന്തില്‍ 111 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയിരുന്നത്. എട്ട് സിക്സറും 11 ഫോറും അടക്കം 236.17 എന്ന സ്ട്രൈക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. മത്സരത്തില്‍ ഒറ്റ ഓവറില്‍ അഞ്ച് സിക്‌സുകള്‍ നേടിയും സഞ്ജു ഞെട്ടിച്ചിരുന്നു. റിഷാദ് ഹൊസൈനെതിരെയായിരുന്നു സഞ്ജു അഞ്ച് സിക്‌സുകള്‍ നേടിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന ചരിത്ര നേട്ടവും സഞ്ജു ഈ ഇന്നിങ്‌സിന് പിന്നാലെ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതേ ബംഗ്ലാദേശിനെതിരെ വീണ്ടുമൊരു പരമ്പര വരുമ്പോള്‍ സഞ്ജുവിന്റെ ഫോം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷിയിലാണ് ആരാധകര്‍.

സെപ്റ്റംബര്‍ 17 മുതല്‍ 22 വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ടീമില്‍ സഞ്ജുവും ഇടം പിടിച്ചിട്ടുണ്ട്.

അതേസമയം പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ടി-20 ലോകകപ്പ് നേടിയതിന് ശേഷം രണ്ട് പരമ്പരകളിലും പരാജയപ്പെട്ടിരിക്കുകയാണ്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യ അയ്യരുടെ കീഴില്‍ ആദ്യം കൈവിട്ടത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇന്ത്യ ഐറിഷ് പടക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്.

പിന്നീട് നടന്ന ടി-20 ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലും ഇന്ത്യ സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ഈ പരമ്പരകളില്‍ സഞ്ജു സാംസണ് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ബാക്കിയുള്ള മത്സരങ്ങളില്‍ വൈഭവ് സൂര്യവംശിയായിരുന്നു മലയാളി താരത്തിന് പകരം ടീമിലെത്തിയത്.

Content Highlight: Fans are hopeful that Sanju Samson will make it to the T20 series against Bangladesh

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more