| Wednesday, 6th May 2026, 9:43 am

ഇതാണ് ഗോള്‍ഡന്‍ ചാന്‍സ്, ഇതും കൂടി പൊട്ടിയാല്‍ പിന്നെ നോക്കേണ്ട, കറുപ്പ് സൂര്യയുടെ ഡൂ ഓര്‍ ഡൈ ചിത്രമെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ ടോപ് ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. സൂപ്പര്‍താരങ്ങളുടെ മാസ് സിനിമകള്‍ക്കൊപ്പം മികച്ച കണ്ടന്റുള്ള സിനിമകളും ഒരുപോലെ ഹിറ്റായിക്കൊണ്ടായിരുന്നു കോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്‍ഡസ്ട്രിക്ക് അത്ര നല്ല കാലമല്ല.

സൂപ്പര്‍താരങ്ങളുടെ സിനിമകളെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതും പലരും സിനിമകളില്‍ നിന്ന് ഇടവേളയെടുത്തതും കോളിവുഡിന് തിരിച്ചടിയായി മാറി. തമിഴ് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ് സിനിമാജീവിതം ഉപേക്ഷിച്ചതും അജിത് സിനിമകളെക്കാള്‍ റേസിന് പ്രാധാന്യം നല്‍കുന്നതുമെല്ലാം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

സീനിയര്‍ താരങ്ങളായ രജിനികാന്തും കമല്‍ ഹാസനും കുറച്ചുകാലങ്ങള്‍ക്കുള്ളില്‍ സിനിമാജീവിതം ഉപേക്ഷിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകളിലെല്ലാം പലരും ഉയര്‍ത്തിക്കാട്ടുന്ന പേര് സൂര്യയുടേതാണ്. ഒരുകാലത്ത് അജിത്, വിജയ് എന്നിവര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്ന സൂര്യയുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്. വലിയ ഹൈപ്പിലെത്തിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരുന്നു. താരത്തിന്റെ പുതിയ ചിത്രമായ കറുപ്പ് റിലീസിന് തയാറെടുക്കുകയാണ്.

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം ഹിറ്റാകേണ്ടത് സൂര്യയുടെ വലിയ ആവശ്യമാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുകയാണ്. മുഖ്യമന്ത്രിയായതിനാല്‍ വിജയ് ഇനി സിനിമാലോകത്തേക്ക് തിരിഞ്ഞുനോക്കാത്തതും അജിത്തിന്റെ അലസതയും മുതലെടുത്ത് കോളിവുഡില്‍ ഒന്നാമതെത്താന്‍ ഇത് സൂര്യക്ക് ഗോള്‍ഡന്‍ ചാന്‍സാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

തമിഴിലെ ഹിറ്റ് ഫോര്‍മുലയായ റൂറല്‍ ആക്ഷന്‍ ഡ്രാമയായാണ് കറുപ്പ് ഒരുങ്ങുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ കറുപ്പ് സ്വാമിയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന. ഈ കഥ പ്രേക്ഷകരിലേക്ക് കൃത്യമായി കണക്ടായാല്‍ താരത്തിന്റെ ഗംഭീര തിരിച്ചുവരവിന് കോളിവുഡ് സാക്ഷ്യം വഹിക്കും. കറുപ്പിന് ശേഷവും താരത്തിന്റെ ലൈനപ്പ് പ്രതീക്ഷ നല്‍കുന്നവയാണ്.

വെങ്കി അട്‌ലൂരിയുമായുള്ള വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ജിത്തു മാധവനൊപ്പമുള്ള സൂര്യ 47 എന്നിവ പ്രതീക്ഷയുള്ളവയാണ്. എന്നാല്‍ കറുപ്പ് വര്‍ക്കായില്ലെങ്കില്‍ വലിയൊരു തിരിച്ചുവരവിനായി താരം ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. കങ്കുവയുടെ പരാജയത്തിന് തൊട്ട് പിന്നാലെ സൂര്യയുടേതായി അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു കറുപ്പ്. എല്‍.കെ.ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ആര്‍.ജെ. ബാലാജിയാണ് കറുപ്പിന്റെ സംവിധായകന്‍. മെയ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Fans and Social media saying Karuppu movie might be Suriya’s do or die film

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more