ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ന് അന്താരാഷ്ട്ര ടി – 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏകദിന വേള്‍ഡ് കപ്പിന് തയ്യാറെടുക്കാനാണ് തന്റെ പടിയിറക്കമെന്ന് താരം പറഞ്ഞിരുന്നു. അതോടൊപ്പം ടെസ്റ്റ് ക്രിക്കറ്റിനും താന്‍ മുന്‍ഗണന കൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, താരത്തിന്റെ വിരമിക്കലിന് കാരണം ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സ്റ്റാര്‍ക്കിന്റെ അവസാന ടി -20 മത്സരം ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണങ്ങള്‍.
സ്റ്റാര്‍ക്ക് അവസാനമായി ഓസ്ട്രേലിയക്ക് ടി -20 മത്സരം കളിച്ചത് 2024 ടി – 20 ലോകകപ്പിലായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ മത്സരത്തില്‍ താരത്തിനെതിരെ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ച വെച്ചിരുന്നു.
അന്ന് താരത്തിന്റെ ഒറ്റ ഓവറില്‍ രോഹിത് 29 റണ്‍സാണ് നേടിയത്. ഇതടക്കം രോഹിത് ആ മത്സരത്തില്‍ 41 പന്തുകള്‍ നേരിട്ട് 92 റണ്‍സ് സ്വന്തമാക്കിയിരുന്നു. അതില്‍ ഇന്ത്യ 24 റണ്‍സിന് വിജയിക്കുകയും ചെയ്തു.
അതിന് ശേഷം, സ്റ്റാര്‍ക്ക് കുട്ടി ക്രിക്കറ്റില്‍ കങ്കാരുക്കള്‍ക്കായി കളത്തിലിറങ്ങിയിട്ടല്ല. ഇതാണ് രോഹിത് ശര്‍മയുടെ മിന്നും ബാറ്റിങ്ങാണ് കാരണമെന്ന് ആരാധകര്‍ വാദിക്കുന്നത്.
ഓസ്ട്രേലിയയുടെ മികച്ച ടി – 20 ബൗളര്‍മാരില്‍ ഒരാളാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. 2012ലാണ് താരം കങ്കാരുക്കള്‍ക്കായി ആദ്യമായി കളത്തിലിറങ്ങിയത്. ദുബായില്‍ നടന്ന പാകിസ്താനെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.
സ്റ്റാര്‍ക്ക് ഈ ഫോര്‍മാറ്റില്‍ ഓസ്ട്രേലിയ്ക്കായി 65 മത്സരങ്ങളില്‍ കളത്തിലിറങ്ങി. ഇതില്‍ നിന്നായി താരം 79 വിക്കറ്റുകള്‍ സ്വന്തമാക്കി. 7.74 എക്കോണമിയും 23.8 ശരാശരിയുമാണ് താരത്തിന് കുഞ്ഞന്‍ ഫോര്‍മാറ്റിലുള്ളത്.
ഓസ്ട്രേലിയയുടെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായാണ് സ്റ്റാര്‍ക്ക് ഈ ഫോര്‍മാറ്റില്‍ നിന്ന് പടിയിറങ്ങുന്നത്. ടീമിനൊപ്പം ആറ് ടി -20 വേള്‍ഡ് കപ്പിലും 35കാരനായ താരം ഭാഗമായി. 2021ലെ ഓസ്ട്രേലിയയുടെ ടി – 20 ലോകകപ്പ് നേട്ടത്തിലും താരം പങ്കാളിയായി.
Content Highlight: Fans accuse that Rohit Sharma’s explosive batting led to Mitchell Starc’s T20I retirement