ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി പാപ്പനും കൂട്ടരും വീണ്ടും വരികയാണ്. മണ്ടത്തരത്തിന് ഒട്ടും കുറവില്ലാത്ത പാപ്പനും കൂട്ടരും ഇത്തവണയെത്തുമ്പോള്‍ കഥ കുറച്ചുകൂടെ വലുതാവുകയാണ്. രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ആട് 3യുടേതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. മുമ്പ വന്ന സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഴോണറില്‍ മാറ്റം വരുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ടൈം ട്രാവലാണ് ആട് 3യുടെ കഥയെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഭാവിയിലേക്കും ഭൂതകാലത്തേക്കും പോകാന്‍ കഴിയുന്ന ഒരു മെഷീന്‍ ഷാജി പാപ്പന് ലഭിക്കുന്നതും അതിന് ശേഷം നടക്കുന്ന കഥയാകും ചിത്രത്തിന്റേതെന്ന് ചില പോസ്റ്റുകള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ടൈം ട്രാവലല്ല, മറ്റൊരു കഥയാകും ആട് 3യുടേതെന്ന് പറയുന്ന ചില ഫാന്‍ തിയറികളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പടക്കളവുമായി ആട് 3യുടെ കഥക്ക് ബന്ധമുണ്ടാകുമെന്നും ഫ്രൈഡേ ഫിലിംസിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന് ആരംഭമാകുമെന്നുമാണ് ഫാന്‍ തിയറി. പടക്കളത്തിന്റെ തുടക്കത്തില്‍ പറയുന്ന കഥയിലെ രാജാവിനും സുല്‍ത്താനും ആട് 3യില്‍ ജയസൂര്യയുടെയും വിനായകന്റെയും കഥാപാത്രങ്ങള്‍ക്ക് കണക്ഷനുണ്ടായേക്കുമെന്നും തിയറിയില്‍ പറയുന്നു.
പാസ്റ്റിലെ കഥാപാത്രങ്ങളും പ്രസന്റിലെ കഥാപാത്രങ്ങളും തമ്മില്‍ ബോഡിസ്വാപ് ചെയ്യുന്നതാകും ആട് 3യുടെ കഥയെന്നും പടക്കളത്തിലെ കഥാപാത്രങ്ങള്‍ അതിഥിവേഷത്തിലെത്തിയേക്കുമെന്നും പോസ്റ്റുകളുണ്ട്. ഈ തിയറികള്‍ ശരിയാണെങ്കില്‍ പാപ്പന്റെ കൂടെ പടക്കളം സന്ദീപിന്റെ വക മാസ് എന്‍ട്രിയുണ്ടായേക്കുമെന്നും തിയറിയില്‍ പറയുന്നു.
എന്നാല്‍ ഫ്രൈഡേ സിനിമാറ്റിക് യൂണിവേഴ്‌സാണെങ്കില്‍ വിജയ് ബാബുവിന്റെ കഥാപാത്രം രണ്ട് സിനിമകളിലുമുണ്ടെന്നും അത് ലോജിക്കില്ലാത്ത കാര്യമാണെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ആട് സീരീസില്‍ സര്‍ബത്ത് ഷമീറായും പടക്കളത്തില്‍ ഡോക്ടറായും വേഷമിട്ടത് വിജയ് ബാബുവാണ്. സിനിമാറ്റിക് യൂണിവേഴ്‌സിന് വിലങ്ങുതടിയായേക്കാവുന്നത് ഈ കഥാപാത്രമാണെന്നും കമന്റുണ്ട്.
ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വന്‍ ബജറ്റിലാണ് ആട് 3 ഒരുങ്ങുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം കാവ്യാ ഫിലിംസും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. ബോളിവുഡ് ചിത്രമായ ധുരന്ധര്‍ 2മായാണ് ആട് 3യുടെ ക്ലാഷ്. സര്‍വ്വം മായക്ക് ശേഷം അധികം ചലനമൊന്നുമില്ലാതെ കിടക്കുന്ന തിയേറ്ററുകള്‍ ഈ രണ്ട് സിനിമകളുടെ റിലീസിന് ശേഷം ഉണരുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Fan theories saying that Aadu 3 might have connection with Padakkalam movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ