എട്ട് വര്‍ഷമായിട്ടും വട ചെന്നൈയുടെ രണ്ടാം ഭാഗം പുറത്തിറങ്ങാത്തതില്‍ നിരാശരായ ആരാധകരെ സന്തോഷിപ്പിച്ച അനൗണ്‍സ്‌മെന്റായിരുന്നു അരസന്റേത്. വട ചെന്നൈ യൂണിവേഴ്‌സില്‍ നടക്കുന്ന കഥയാണെന്ന് വെട്രിമാരന്‍ അറിയിച്ചതോടെ ഹൈപ്പ് ഇരട്ടിയായി. സിലമ്പരസനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.
ചിത്രം വട ചെന്നൈ യൂണിവേഴ്‌സിലായതിനാല്‍ എങ്ങനെയാകും മറ്റ് കഥാപാത്രങ്ങളുമായുള്ള കണക്ഷന്‍ അവതരിപ്പിക്കുക എന്ന തരത്തില്‍ പല ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുടി വളര്‍ത്തിയതിന്റെ പേരില്‍ അന്‍പിനെ പൊലീസ് ചോദ്യം ചെയ്യുന്ന രംഗവും അരസന്റെ ടൈറ്റില്‍ ടീസറും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഫാന്‍ തിയറിയാണ് ഇതില്‍ പ്രധാനം.
അരസന്‍ Photo: Screen grab/ V Creations
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു ഫാന്‍ തിയറിയും വൈറലായിരിക്കുകയാണ്. സിലമ്പരസന്റെ കഥാപാത്രം മധുരയിലെ സ്‌പോര്‍ട്‌സ് ടീം അംഗമാണെന്നാണ് ഫാന്‍ തിയറിയില്‍ പറയുന്നത്. മധുരൈ ടൈഗേഴ്‌സ് എന്ന ടീമിന് വേണ്ടി വട ചെന്നൈയില്‍ മത്സരത്തിനെത്തുന്ന അരസന്‍ പിന്നീട് വലിയ പ്രശ്‌നത്തില്‍ അകപ്പെടുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്യുന്നതാണ് കഥയെന്ന് പോസ്റ്റില്‍ പറയുന്നു.
ഈ കൊലപാതകം രാജന്റെയും ഗ്യാങ്ങിന്റെയും ശ്രദ്ധ ആകര്‍ഷിക്കുമെന്നും പിന്നീട് ഇരുവരും ഒന്നിക്കുമെന്നും തിയറിയിലുണ്ട്. രാജന്റെ കൂട്ടാളികളായ ഗുണ, സെന്തില്‍, തമ്പി എന്നീ കഥാപാത്രങ്ങള്‍ അരസനിലുമുണ്ട്. രണ്ട് കാലഘട്ടങ്ങളിലായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വയലന്‍സ് നിറഞ്ഞ ഗ്യാങ്സ്റ്റര്‍ പോര്‍ഷനും പക്വത വന്ന ഗ്യാങ്സ്റ്ററുടെ ജീവിതവുമാണ് ചിത്രം ഫോക്കസ് ചെയ്യുന്നത്.
അരസന്‍.Photo: Cinewoods / X.com
സിലമ്പരസനൊപ്പം കട്ടക്ക് പെര്‍ഫോം ചെയ്യുന്ന വില്ലനായിരിക്കും വിജയ് സേതുപതിയുടേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിടുതലൈക്ക് ശേഷം വെട്രിമാരന്റെ ഫ്രെയിമില്‍ മക്കള്‍ സെല്‍വന്‍ എത്തുന്ന ചിത്രം കൂടിയാണ് അരസന്‍. വട ചെന്നൈയില്‍ രാജന്‍ എന്ന കഥാപാത്രത്തിനായി ആദ്യം വിജയ് സേതുപതിയായെയായിരുന്നു വെട്രിമാരന്‍ കാസ്റ്റ് ചെയ്തത്.
എന്നാല്‍ ഷൂട്ട് നീണ്ടുപോയതിനാല്‍ വിജയ് സേതുപതി പിന്മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ യൂണിവേഴ്‌സില്‍ വിജയ് സേതുപതി എത്തിയത് കാലത്തിന്റെ കാവ്യനീതിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചെക്ക ചിവന്ത വാനത്തിന് ശേഷം സിലമ്പരസനും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അരസന്‍. Photo: V Creations/ X.com
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ഇതാദ്യമായാണ് വെട്രിമാരനും അനിരുദ്ധും കൈകോര്‍ക്കുന്നത്. ടൈറ്റില്‍ ടീസറിന് അനിരുദ്ധ് നല്‍കിയ സംഗീതം ശ്രദ്ധേയമായിരുന്നു. വി. ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുള്ളി എസ്. തനു നിര്‍മിക്കുന്ന ചിത്രം 2026 പകുതിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Fan theories on Arasan movie viral in social media