13 വര്‍ഷത്തെ ഹിറ്റില്ലായ്മയെ ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ വെച്ച് അവസാനിപ്പിച്ചിരിക്കുകയാണ് സൂര്യ. ആരാധകര്‍ക്ക് വലിയ പ്രതീക്ഷയില്ലാതിരുന്ന കറുപ്പിലൂടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സ്വന്തമാക്കിയ സൂര്യ തൊട്ടുപിന്നാലെ എത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സും ഹിറ്റാക്കി. ഹാട്രിക് ഹിറ്റുമായി ബോക്‌സ് ഓഫീസിലെ തന്റെ പഴയ സ്ഥാനം വീണ്ടെടുക്കാനുള്ള അവസരമാണ് സൂര്യയുടെ മുന്നിലുള്ളത്.
ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീനാണ് താരത്തിന്റെ അടുത്ത റിലീസ്. 15 വര്‍ഷത്തിന് ശേഷം ദീപാവലി റിലീസായെത്തുന്ന സൂര്യ ചിത്രമെന്ന പ്രത്യേകതയും സീനിനുണ്ട്. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്കിടയില്‍ ഹൈപ്പിന്റെ കൊടുമുടിയിലെത്തുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ച് യാതൊരു സൂചനയും പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ പുറത്തുവന്ന അപ്‌ഡേറ്റുകള്‍ വെച്ച് പല ഫാന്‍ തിയറികളും ഇതിനോടകം രൂപപ്പെട്ടു. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണെങ്കിലും ആവേശം പോലെ ഒരു എന്റര്‍ടൈനറാകില്ലെന്നാണ് ഫാന്‍ തിയറികളും. ടൈറ്റില്‍ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സൂര്യയുടെ കഥാപാത്രം അന്ധനായിരിക്കുമെന്നായിരുന്നു ആദ്യത്തെ തിയറി. എന്നാല്‍ ചിത്രത്തിന്റെ റൈറ്റര്‍ ദ്രാവിഡ് സെല്‍വം ഇത്തരം റൂമറുകള്‍ നിഷേധിച്ചു.
ഇപ്പോഴിതാ സെക്കന്‍ഡ് സിംഗിളിന്റെ റിലീസിന് പിന്നാലെ മറ്റ് ചില ഫാന്‍ തിയറിയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സൂര്യ അവതരിപ്പിക്കുന്ന ഇന്‍ബരാജ് എന്ന കഥാപാത്രത്തിന് പ്രോസോപഗ്നോഷ്യ എന്ന രോഗാവസ്ഥയാണെന്നാണ് പുതിയ തിയറി. മുഖങ്ങള്‍ തിരിച്ചറിയാനാകാത്ത അവസ്ഥയാണ് ഇന്‍ബരാജിനെന്നും ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാകും ചിത്രത്തിന്റെ കഥയെന്നും ഇത്തരം തിയറികളില്‍ പറയപ്പെടുന്നു.
ചിത്രത്തിന്റെ പല അപ്‌ഡേറ്റ് പോസ്റ്ററുകളിലും സൂര്യയുടെ ഒഴികെ മറ്റ് കഥാപാത്രങ്ങളുടെ മുഖങ്ങള്‍ മറച്ചുവെച്ചിരിക്കുന്നതാണ് ഇത്തരമൊരു തിയറിയെ ശക്തിപ്പെടുത്തുന്നത്. ടൊവിനോ നായകനായ ഐഡന്റിറ്റിയില്‍ തൃഷയുടെ കഥാപാത്രത്തിന് ഇത്തരമൊരു അവസ്ഥ വരുന്നതായി കാണിക്കുന്നുണ്ട്. തമിഴില്‍ ഈയൊരു ആശയം എങ്ങനെ വര്‍ക്കാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സത്യമാവാന്‍ സാധ്യത കുറവുള്ള മറ്റൊരു ഫാന്‍ തിയറിയും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ വില്ലനായ നസ്‌ലെന്‍ സൂര്യയുടെ മുഖം മാറ്റിവെക്കുന്നതാകും കഥയെന്നാണ് മറ്റൊരു ഫാന്‍ തിയറി. പുറത്തുവന്ന ചില അപ്‌ഡേറ്റുകളില്‍ സൂര്യയുടെ കഥാപാത്രത്തിനും നസ്‌ലെന്റെ കഥാപാത്രത്തിനും ഒരേരീതിയിലുള്ള ഹെയര്‍സ്റ്റൈലാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
ആവേശത്തിന് ശേഷം ബാലന്‍ പോലൊരു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ജിത്തു മാധവന്‍ സീനിലും ഞെട്ടിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അനൗണ്‍സ്‌മെന്റ് സമയത്തുണ്ടായിരുന്ന ആവേശം ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ട്രെയ്‌ലര്‍ പുറത്തുവിട്ട് ഹൈപ്പ് തിരിച്ചുപിടിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Fan theories about Suriya’s scene movie viral