ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തിരുത്തിയെഴുതുമെന്ന് ഉറപ്പാക്കിക്കൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ 18ന് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ തിയേറ്ററുകളിലെത്തുന്നത്. മാര്‍വലിലെ സകല സൂപ്പര്‍ഹീറോകളും അണിനിരക്കുന്ന ഡൂംസ്‌ഡേ അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലായിരുന്നു. റിലീസിന് 11 മാസം ബാക്കിയുള്ളപ്പോഴും ചിത്രം ലൈവായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഓരോ ആഴ്ച ഇടവിട്ട് ഓരോ ടീസറുകളാണ് മാര്‍വല്‍ പുറത്തിറക്കുന്നത്. ആദ്യ രണ്ട് ടീസര്‍ മാര്‍വലിലെ ശക്തരായ ക്യാപ്റ്റന്‍ അമേരിക്കയെയും തോറിനെയും കേന്ദ്രീകരിച്ചായിരുന്നു. മൂന്നാമത്തെ ടീസറാകട്ടെ എക്‌സ് മെന്‍ ഫ്രാഞ്ചൈസിയെയാണ് കേന്ദ്രീകരിച്ചത്. വലിയൊരു ആപത്ത് വരുമെന്നറിഞ്ഞ് അതിന് വേണ്ടി കാത്തിരിക്കുന്ന പ്രൊഫസര്‍ എക്‌സ്, മാഗ്നെറ്റോ എന്നിവര്‍ക്കൊപ്പം സൈക്ലോപ്‌സിനെയും കാണിച്ചുകൊണ്ടാണ് ടീസര്‍ അവസാനിച്ചത്.
നാലാമത്തെ ടീസര്‍ ഇന്നോ നാളെയോ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനിടയില്‍ ചര്‍ച്ചയാകുന്നത് തോറിന്റെ ടീസറാണ്. അവഞ്ചേഴ്‌സിലെ ഏറ്റവും ശക്തനായ തോര്‍ പോലും ഡോക്ടര്‍ ഡൂമിനെതിരെയുള്ള യുദ്ധത്തിന് മുന്നോടിയായി ഓള്‍ ഫാദറിനോട് പ്രാര്‍ത്ഥിക്കുന്നത് വില്ലന്‍ നിസാരക്കാരനല്ലെന്നാണ് സൂചിപ്പിക്കുന്നത്. പുതിയ ആയുധമായ സ്‌ടോര്‍ം ബ്രേക്കറാണ് തോറിന്റെ കൈയിലുള്ളത്.
മാര്‍വല്‍ ഈ രംഗത്തില്‍ ഒരു രഹസ്യം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ കണ്ടുപിടിച്ചിരിക്കുന്നത്. തോറിന്റെ പ്രധാന ആയുധം മിയോനിര്‍ എന്ന ചുറ്റികയാണ്. അതിന് പകരം പുതിയ ആയുധം കൈയില്‍ വെച്ചത് എന്തിനായിരിക്കുമെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. പ്രധാന വില്ലനായ ഡോക്ടര്‍ ഡൂം തോറിന്റെ പക്കല്‍ നിന്ന് മിയോല്‍നിര്‍ സ്വന്തമാക്കിക്കാണുമെന്നാണ് പുതിയ ഫാന്‍ തിയറി.
തന്റെ ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്ന ഏറ്റവും വിശ്വസ്തനായ ഒരാള്‍ക്ക് മാത്രമേ മിയോല്‍നിര്‍ ഉയര്‍ത്താനാകുള്ളൂ. തോറിനെക്കൂടാതെ അത് ഉയര്‍ത്തിയിട്ടുള്ളത് ക്യാപ്റ്റന്‍ അമേരിക്കയും വിഷനുമാണ്. എന്നാല്‍ അത്രയും ശക്തിയേറിയ ആയുധം വില്ലന്റെ പക്കല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അയാള്‍ അപകടകാരിയാകുമെന്നാണ് ഫാന്‍ തിയറിയില്‍ പറയുന്നത്.
പുറത്തുവന്ന മൂന്ന് ടീസറിലും ഡോക്ടര്‍ ഡൂമിനെ കാണിച്ചിട്ടില്ലെങ്കിലും ആ കഥാപാത്രം എത്രമാത്രം ശക്തനാണെന്ന് പറയാതെ പറയുന്നുണ്ട്. റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡോക്ടര്‍ ഡൂമായി വേഷമിടുന്നത്. മാര്‍വലിലെ സകല സൂപ്പര്‍ഹീറോകളെയും മുട്ടുകുത്തിക്കാന്‍ ഡൂമിന് സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Fan theories about Avengers Doomsday teaser viral