| Tuesday, 21st October 2025, 9:42 pm

ഇങ്ങനൊരു ഫാന്‍ ഫൈറ്റ് ആരും പ്രതീക്ഷിച്ചില്ല, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ദുല്‍ഖര്‍- പൃഥ്വിരാജ് ഫാന്‍സ് തമ്മിലുള്ള സൈബര്‍ യുദ്ധം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍സ്റ്റാറുകള്‍ ഒരുപാടുള്ള ഇന്‍ഡസ്ട്രികളില്‍ അവരുടെ ആരാധകര്‍ തമ്മിലുള്ള പോരാട്ടം പല ഇന്‍ഡസ്ട്രിയിലും കാണാന്‍ സാധിക്കും. തെലുങ്കില്‍ മഹേഷ് ബാബു- പവന്‍ കല്യാണ്‍, തമിഴില്‍ വിജയ്- അജിത്, മലയാളത്തില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ എന്നിങ്ങനെയുള്ള ഫാന്‍ ഫൈറ്റ് പലപ്പോഴും സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യത്യസ്തമായ ഒരു ഫാന്‍ ഫൈറ്റാണ് പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറിയ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും ആരാധകര്‍ തമ്മിലാണ് ഇപ്പോള്‍ സൈബര്‍ പോരാട്ടം. ഇരുവരില്‍ ആരാണ് മികച്ചതെന്ന അവകാശവാദമാണ് ഈ ഫാന്‍ ഫൈറ്റിന് പിന്നില്‍.

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം ഖലീഫയുടെ ഗ്ലിംപ്‌സ് പുറത്തുവന്നതിന് പിന്നാലെയാണ് ഈ ഫാന്‍ ഫൈറ്റ് ആരംഭിച്ചത്. അടുത്ത വര്‍ഷം ഓണത്തിന് ഖലീഫ തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ചിത്രം ഐ ആം ഗെയിമും ഓണത്തിന് റിലീസുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് സിനിമകളും ക്ലാഷ് റിലീസ് ചെയ്താല്‍ ആര് വിജയിക്കുമെന്ന വാദങ്ങളാണ് ഇപ്പോഴുള്ള ഫാന്‍ ഫൈറ്റ് കൊഴുക്കാന്‍ കാരണം.

ആര്‍ക്കാണ് ഏറ്റവും വലിയ ഫാന്‍ ബേസുള്ളതെന്ന് പരസ്പരം ചോദിക്കുകയും അഭിനയത്തിന്റെ പേരില്‍ പരസ്പരം കളിയാക്കിയുമെല്ലാമാണ് ആരാധകര്‍ വെല്ലുവിളിക്കുന്നത്. പൃഥ്വിയെക്കാള്‍ സ്റ്റാര്‍ഡം ദുല്‍ഖറിനാണെന്നും അത് പല തവണ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ദുല്‍ഖറിന്റെ ആരാധകര്‍ അവകാശപ്പെടുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ പൃഥ്വിരാജിനാണ് കൂടുതല്‍ സ്വീകാര്യതയെന്ന് പൃഥ്വിയുടെ ആരാധകര്‍ വാദിക്കുന്നു.

ആദ്യമെല്ലാം സ്റ്റാര്‍ഡത്തിന്റെ പേരിലുള്ള വെല്ലുവിളികളായിരുന്നെങ്കില്‍ ഇത് പിന്നീട് പരസ്പരമുള്ള കളിയാക്കലുകളിലേക്ക് കടക്കുകയായിരുന്നു. പൃഥ്വിയുടെയും ദുല്‍ഖറിന്റെയും കരിയറിലെ മോശം സിനിമകളുടെ പേരിലുള്ള കളിയാക്കലുകളാണ് ഈയടുത്തായി കാണുന്നത്. പൃഥ്വിരാജിന്റെ കലണ്ടര്‍, ഹീറോ തുടങ്ങിയ സിനിമകളെക്കുറിച്ച് ദുല്‍ഖര്‍ ആരാധകരും ദുല്‍ഖറിന്റെ സോളോ, യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളെ പൃഥ്വിരാജ് ഫാന്‍സും ട്രോളുന്നുണ്ട്.

കഴിഞ്ഞ കുറച്ച് കാലമായി അത്ര ആക്ടീവല്ലാതിരുന്ന ഫേസ്ബുക്കിനെ ഇപ്പോള്‍ ഈയൊരു ഫാന്‍ ഫൈറ്റ് ആക്ടീവാക്കിയിരിക്കുകയാണ്. പരസ്പരമുള്ള ട്രോളുകള്‍ അതിരുകടക്കാതെ ശ്രദ്ധിക്കാനും ഇരുകൂട്ടരും ശ്രദ്ധിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തെ ഓണം സീസണ് ഗംഭീര ക്ലാഷിനാണ് കളമൊരുങ്ങുന്നത്. രണ്ട് ഫാന്‍സും ഇപ്പോള്‍ തന്നെ ത്രില്ലിലാണ്.

Content Highlight: Fan fight between Prithviraj and Dulquer Fans viral in social media

We use cookies to give you the best possible experience. Learn more