| Wednesday, 11th June 2025, 9:05 am

വിസ നിയമം ലംഘിച്ചെന്നാരോപണം; യു.എസ് ഇമിഗ്രേഷന്‍ കസ്റ്റഡിയിലെടുത്ത ഖാബി ലെയിം അമേരിക്ക വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നെന്നാരോപിച്ച് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത പ്രശസ്ത ടിക് ടോക്കര്‍ ഖാബി ലെയിം രാജ്യം വിട്ടു. സ്വമേധയാ നാടുവിടാന്‍ ഖാബി ലെയിം തയ്യാറാവുകയായിരുന്നു.

വിസ കാലാവാധി കഴിഞ്ഞിട്ടും യു.എസില്‍ തുടര്‍ന്നതിനാണ് ഇറ്റാലിയന്‍ പൗരത്വമുള്ള സെനഗല്‍ വംശജനായ ഖാബിയെ അമേരിക്കയിലെ ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ഏപ്രില്‍ 30നായിരുന്നു ഖാബി യു.എസില്‍ എത്തിയത്.

ജൂണ്‍ ആറിന് ഹാരി റീഡ് ഇന്റര്‍നാഷല്‍ എയര്‍പോര്‍ട്ടില്‍വെച്ച് ഖാബിയെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലാസ് വേഗാസിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കസ്റ്റഡിയിലായിരുന്നു ഖാബി.

സ്വയം നാടുകടത്താന്‍ (self depotation) ഖാബി തയ്യാറായതിനാല്‍ മറ്റ് നിയമനടപടികളൊന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നില്ല. കൂടാതെ ഭാവിയില്‍ രാജ്യത്ത് പ്രവേശിക്കുന്നതിനും വിലക്കില്ല.

എന്നാല്‍ തന്റെ കസ്റ്റഡിയെപ്പറ്റി ഖാബി ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ മകനായ ബാരണ്‍ ട്രംപിന്റെ സഹായിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ബോ ലൗഡനാണ് ഖാബിയെ കസ്റ്റഡിയിലെടുത്ത വിവരം ആദ്യമായി ട്വീറ്റ് ചെയ്തത്.

25 വയസുള്ള ഖാബി ലെയിമിന്റെ യഥാര്‍ത്ഥ നാമം സെരിഞ്ചെ ഖബാനെ ലെയിം എന്നാണ്. ടിക് ടോക്കില്‍ 162 മില്യണ്‍ ഫോളോവേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 80 മില്യണ്‍ ഫോളേവേഴ്‌സുമുള്ള ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ഖാബി ലെയിം. സെനഗലില്‍ ജനിച്ച് വളര്‍ന്ന ലെയിമിന്റെ കുടുംബം പിന്നീട് ഇറ്റലിയിലേക്ക് കുടിയേറി.

2020ല്‍ തന്റെ മെക്കാനിക് ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. 2022ല്‍ അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സറായ ചാര്‍ലി ഡി അമേലിയോയെ മറികടന്ന് ഏറ്റവും കൂടുതല്‍ ടിക് ടോക്ക് ഫോളേവേഴ്‌സുള്ള ടിക് ടോക്ക് താരമായി ഖാബി ലെയിം മാറി.

നിലവില്‍ ആഫ്രിക്കയിലെ കുട്ടികളുടേയും യുവാക്കളുടേയും അവകാശങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യൂണിസെഫിന്റെ അംബാസിഡറാണ് ഖാബി ലെയിം.

Content Highlight: Famous TikToker Khaby Lame who detained in US for overstaying visa leaves  United States

We use cookies to give you the best possible experience. Learn more