| Tuesday, 7th May 2019, 9:11 am

ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന് 19 കാരിയെ പിതാവ് ചുട്ടു കൊന്നു; യുവാവിന് 50 ശതമാനം പൊള്ളലേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുണെ: മഹാരാഷ്ട്രയില്‍ ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന് പെണ്‍കുട്ടിയെ പിതാവും പിതാവിന്റെ സഹോദരന്‍മാരും ചേര്‍ന്ന് ചുട്ടു കൊന്നു. അഹമ്മദ് നഗര്‍ ജില്ലിയിലെ നിഖോജ് ഗ്രാമത്തില്‍ മെയ് ഒന്നിനാണ് സംഭവം.

23 കാരനായ മങ്കേഷ് രണ്‍സിങ്ങും 19 കാരിയായ രുഗ്മിണിയും ആറ് മാസം മുമ്പാണ് വിവാഹിതരാകുന്നത്. രണ്ടു വ്യത്യസ്ത ജാതികാരായതിനാല്‍ രുഗ്മിണിയുടെ വീട്ടില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ രമ ഭാരതീയയാണ് ഇരുവരുടേയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇയാള്‍ക്ക് സഹായത്തിനായി സഹോദരന്മാരായ സുരേന്ദ്ര ഭാരതീയയും ഘനശ്യാംസരോജും ഉണ്ടായിരുന്നു. 70 ശതമാനം പൊള്ളലേറ്റ രുഗ്മിണി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

അച്ഛനെതിരേയും ബന്ധുക്കള്‍ക്കെതിരേയും രുഗ്മിണി മരണ മൊഴി നല്‍കിയിട്ടുണ്ടന്ന് എസ്.ഐ വിജയകുമാര്‍ ബൊത്രേ പറഞ്ഞു. യുവാവിനു 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ സുരേന്ദ്ര ഭാരതീയയേയും ഘനശ്യാംസരോജിനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണ്.

‘ദമ്പതികള്‍ തമ്മില്‍ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായതിന്റെ പേരില്‍ പിതാവിന്റെ വീട്ടിലെത്തിയതായിരുന്നു രുഗ്മിണി. തുടര്‍ന്ന് പിറ്റേദിവസം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനായി രണ്‍സിങ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. രുഗ്മിണിയെ രണ്‍സിങിന്റെ വീട്ടിലേയ്ക്ക് അയക്കില്ലെന്ന് മാതാപിതാക്കള്‍ പറയുകയും വാക്ക് തര്‍ക്കം ഉണ്ടാകുകയും ചെയ്തു.

തുടര്‍ന്ന് പിതാവ് ഇരുവരുടേയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. അലര്‍ച്ച കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലാക്കിയത്. ആശുപത്രിയില്‍ വെച്ച് മെയ് അഞ്ചിന് രുഗ്മിണി മരിക്കുകയായിരുന്നു’- വിജയകുമാര്‍ ബൊത്രേ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more