| Friday, 12th September 2025, 7:52 pm

കോടികളുടെ ബാധ്യത തീര്‍ക്കാമെന്ന് വാക്ക് നല്‍കി ടി. സിദ്ധിക്കും കെ.പി.സി.സിയും വഞ്ചിച്ചു; കള്ളന്‍മാര്‍ വെള്ളയിട്ട് നടക്കുന്നു: ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷററുടെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: രണ്ടര കോടിയുടെ ബാധ്യത തീര്‍ക്കാന്‍ സഹായിക്കാമെന്നും ചികിത്സാ സഹായം നല്‍കാമെന്നും വാഗ്ദാനം നല്‍കി കെ.പി.സി.സി നേതൃത്വവും കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖും വഞ്ചിച്ചെന്ന ആരോപണവുമായി മുന്‍ വയനാട് ഡി.സി.സി ട്രഷററുടെ കുടുംബം.

ആത്മഹത്യ ചെയ്ത എന്‍.എം വിജയന്റെ കടബാധ്യത തീര്‍ക്കാമെന്ന് കെ.പി.സി.സിയും കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖും വാക്കുനല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരേയും ഒരു സഹായവും ലഭിച്ചില്ലെന്നും എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആരോപിച്ചു.

പക്ഷാഘാതം വന്ന എന്‍.എം വിജയന്റെ മകന് ചികിത്സയ്ക്കായി പണം നല്‍കാമെന്ന് വാക്ക് നല്‍കി ടി. സിദ്ദിഖ് വഞ്ചിച്ചെന്നും ഒടുവില്‍ സഹായിക്കാന്‍ വന്നത് പി.വി അന്‍വറാണെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

T. Siddique

കടബാധ്യത ജൂണ്‍ 30ന് തീര്‍ത്തുതരാമെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇത്രയും നാളുകളായിട്ടും കടബാധ്യതകള്‍ തീര്‍ത്തില്ല.

ഇതിനിടെ എന്‍.എം വിജയന്റെ മകന് ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപ ആവശ്യം വന്നപ്പോഴും ടി. സിദ്ധിക്കിനോട് സഹായം തേടിയിരുന്നു. സഹായിക്കാമെന്ന് വാക്ക് നല്‍കി വീണ്ടും ടി. സിദ്ധിക്ക് കബളിപ്പിച്ചെന്നും പത്മജ ആരോപിച്ചു.

ഇതോടെയാണ് കടബാധ്യതയെ സംബന്ധിച്ച് ഒപ്പുവെച്ച ധാരണാപത്രത്തിനായി അഭിഭാഷകനെ സമീപിച്ചത്. എന്നാല്‍ ഈ പേപ്പര്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് കൊണ്ടുപോയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും പത്മജ ആരോപിച്ചു. ഇതുസംബന്ധിച്ച് ടി. സിദ്ധിക്കിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം മോശമായി പെരുമാറിയെന്നും പത്മജ പറഞ്ഞു.

കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പത്മജ പറഞ്ഞു. പാവപ്പെട്ടവര്‍ ബലിയാടായികൊണ്ടിരിക്കുകയാണെന്നും കള്ളന്‍മാര്‍ വെള്ളയിട്ട് നടക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Content Highlight: Family of Wayanad DCC treasurer against KPCC and T Siddique  MLA

We use cookies to give you the best possible experience. Learn more