| Tuesday, 9th February 2016, 9:05 pm

സ്ത്രീകള്‍ക്ക് ഖാദിമാരാകുന്നതിന് ഇസ്‌ലാമിക പിന്‍ബലമില്ലെന്ന് രാജസ്ഥാന്‍ മുഖ്യ ഖാദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: സ്ത്രീകള്‍ ഖാദിമാകാരാകുന്നതിന് മതപരമായ പിന്‍ബലമില്ലെന്നും ഇസ്‌ലാമിക ചരിത്രത്തില്‍ വനിതാ ഖാദിമാരുണ്ടായിട്ടില്ലെന്നും രാജസ്ഥാന്‍ മുഖ്യഖാദി. രാജ്യത്തെ ആദ്യ മുസ് ലീം വനിതാ ഖാദിമാരുടെ പ്രഖ്യാപനത്തിനെതിരെയാണ് രാജസ്ഥാന്‍ മുഖ്യ ഖാദി മൗലാന ഖാലിദ് ഉസ്മാനിയും  മുസ്‌ലീം വ്യക്തി നയിമ ബോര്‍ഡംഗം മൗലാന ഖാലിദ് റഷീദ് ഫറാംഗി മഹാലിയും രംഗത്ത് വന്നിരിക്കുന്നത്.

ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന് കീഴില്‍ പ്രവര്‍ത്തിക്കുന്ന “ദാറുല്‍ ഉലൂം നിസ്വാന്‍”ലാണ് ഖാദി പഠനം പൂര്‍ത്തിയാക്കിയ രാജസ്ഥാനില്‍ നിന്നുള്ള ജഹാന ആരയും അഫ്‌റോസ് ബീഗവുമാണ് രാജ്യത്തെ ആദ്യ വനിതാ ഖാദിമാരാണ് തങ്ങളെന്ന് പ്രഖ്യാപിച്ചത്.

ഇസ് ലാമിക വിധിപ്രകാരം വനിതാ ഖാദിമാര്‍ തെറ്റാണ്. കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. സ്ത്രീകള്‍ പുരുഷന്മാരുടെ വിധികര്‍ത്താക്കളാകരുതെന്നാണ് ഖുര്‍ആനില്‍ പറയുന്നത്. അതിനാല്‍ സ്ത്രീകള്‍ക്ക് മുഖ്യ ഖാദിയാകാന്‍ സാധിക്കില്ല. മൗലാന ഖാലിദ് ഉസ്മാനി പറഞ്ഞു. വിവാഹങ്ങളില്‍ പുരുഷനായ ഖാദിയെ സഹായിക്കാമെന്നല്ലാതെ വിവാഹം സ്വയം നടത്തിക്കൊടുക്കാന്‍ സ്ത്രീക്ക് മതപരമായി അവകാശമില്ലെന്നും ഇസ്ലാമികമായി അതിന് സാധുതയിലെന്നും മൗലാനാ ഖാലിദ് റഷീദ് ഫറാംഗി മഹാലി പറഞ്ഞു.

അഹമ്മദാബാദിലെ സാകിയ സോമനും മുംബൈയിലെ സഫിയ നിയാസുമാണ് ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന് നേതൃത്വം നല്‍കുന്നത്. മുസ്‌ലിം വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന സ്ഥാപിച്ച ദാറുല്‍ ഉലൂമിലാണ് വനിതകള്‍ക്ക് “ഖാദി” പഠനം നടത്തുന്നത്.

96% ശതമാനം മാര്‍ക്ക് നേടിയാണ് താന്‍ കോഴ്‌സ് പാസായതെന്നും വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ഇന്ത്യന്‍ ഭരണഘടന എന്നിവ ആധാരമാക്കിയാണ് പഠനം പൂര്‍ത്തിയാക്കിയതെന്നും ജഹാന ആര പറഞ്ഞു. വനിതാ ഖാദിമാര്‍ പുറത്തിറങ്ങുന്നതോടെ വിവാഹം നടത്തിപ്പിനുള്ള ചുമതലയടക്കം പുരുഷ ഖാദിമാര്‍ കയ്യടക്കിയിരിക്കുന്ന സ്ഥാനങ്ങളില്‍ മുസ്‌ലിം വനിതകള്‍ക്കും അവസരം ലഭിക്കും. മഹിളാ ആന്ദോളന് കീഴില്‍ ചില സംസ്ഥാനങ്ങളില്‍ ശരീഅത്ത് കോടതികളും പ്രവര്‍ത്തിക്കുന്നുണ്ട്. വനിതകളാണ് ഇതിന്റെ തലപ്പത്തുള്ളത്.

We use cookies to give you the best possible experience. Learn more