| Thursday, 10th September 2026, 12:55 pm

'കള്ളമൊഴികൾ ഭീഷണിപ്പെടുത്തി ഉണ്ടാക്കുന്നു; നിയമപരമായും രാഷ്ട്രീയമായും നേരിടും': ഇ.ഡിക്കെതിരെ മുഹമ്മദ് റിയാസ്

ശ്രീലക്ഷ്മി പി.പി

കോഴിക്കോട് : സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങളെയും രൂക്ഷമായി വിമർശിച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സി.എം.ആർ.എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാട് പൂർണമായും നിയമപരമാണെന്നും, ആളുകളെ ഭീഷണിപ്പെടുത്തി വ്യാജമൊഴികൾ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി.എം.ആർ.എല്ലുമായി എക്സാലോജിക് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്ന് മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
‘എന്റെ ഭാര്യ വീണ എഗ്രിമെന്റിന്റെ ഭാഗമായി സേവനം നൽകിയാണ് അക്കൗണ്ട് വഴി പണം വാങ്ങിയത്. രാജ്യം അനുവദിച്ച നിയമപരമായ രീതിയിലാണ് ആ ഇടപാട് നടന്നത്. അടയ്ക്കേണ്ട ജി.എസ്.ടിയും മറ്റ് നികുതികളും കൃത്യമായി അടച്ചിട്ടുണ്ട്. അതിനെ മാസപ്പടിയെന്ന് വരുത്തിത്തീർക്കാൻ ചില ആളുകൾ ശ്രമിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

സേവനം നൽകിയിട്ടില്ലെന്ന വാദം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനി എം.ഡി അത്തരമൊരു മൊഴി നൽകിയിട്ടില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും, സേവനം ലഭിച്ച ആളും നൽകിയ ആളും അത് വ്യക്തമാക്കിയിട്ടുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു. വീണയുടെ മൗനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമായി പൗരന്മാർക്ക് പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും അവകാശമുണ്ടെന്നും ഒരു തെറ്റും ചെയ്യാത്തതിനാൽ സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയ് 27-ലെ റെയ്ഡിന് ശേഷം വ്യാജ പ്രചാരണങ്ങളുടെ ഘോഷയാത്രയാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ലൈക്കർ ഇന്ത്യ എന്ന സ്ഥാപനം ഷെൽ കമ്പനിയാണെന്നും ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നും പ്രചരിപ്പിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ ഈ സ്ഥാപനത്തെക്കുറിച്ച് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. നോമിനേഷനുമായി ബന്ധപ്പെട്ട പരാതി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയതാണ്.

സെഷൻസ് കോടതിയിൽ നിന്നുള്ള നടപടികൾ സ്വാഭാവികമാണെന്നും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ അഭിഭാഷകൻ വഴി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സുഹൃത്തായ ഹസൻ വാരിസിനെ ഇ.ഡി ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ മൊഴി രേഖപ്പെടുത്തിയതെന്ന് റിയാസ് വെളിപ്പെടുത്തി. സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി ഒന്നും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ പിണറായി വിജയന്റെ പേര് പറയാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ വീണയുടെ പേര് പറയാൻ നിർബന്ധിച്ചു. അതിനും വഴങ്ങാതിരുന്നതോടെയാണ് 22 വയസ്സുള്ള മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

‘സ്വന്തം മകളെ രക്ഷിക്കണോ അതോ ആരാന്റെ മകളെ രക്ഷിക്കണോ എന്ന് ഭീഷണിപ്പെടുത്തി, പേപ്പർ ടൈപ്പ് ചെയ്ത് ഒടുവിൽ എന്റെ പേര് എഴുതിച്ചേർത്ത് ഒപ്പിടീക്കുകയായിരുന്നു. ഇതെന്ത് രീതിയാണ്? ഇതിന്റെ പിറ്റേദിവസം തന്നെ ഇ.ഡിക്ക് കത്തെഴുതി സത്യവാങ്മൂലം നൽകിയിട്ടുണ്ട്.’

മുറിയിൽ വടി കൊണ്ടുവെച്ച്, പ്രായമായ പിതാവിന്റെ മുന്നിൽ വെച്ച് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കിയ അനുഭവങ്ങൾ വരെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇ.ഡി മൊഴികളെ ഗൗരവമായി കാണുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, കർണാടക മുഖ്യമന്ത്രി എന്നിവർക്കെതിരെ ഇ.ഡി എടുത്ത മൊഴികൾ ഇതേ കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വ്യക്തിഹത്യ നടത്തുന്ന ഏജൻസിയാണ് ഇ.ഡി എന്ന് ദേശീയതലത്തിൽ രാഹുൽ ഗാന്ധി പറയുമ്പോൾ, കേരളത്തിൽ അതിനെ പുകഴ്ത്തുന്നത് വിരോധാഭാസമാണെന്ന് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെയും കുടുംബത്തിനെതിരെയും നടക്കുന്നത് നിരന്തരമായ വ്യക്തിഹത്യയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഇവിടെ ജീവിക്കുന്ന എന്റെ ഇറച്ചി കടിച്ചുതിന്നുകൊണ്ടിരിക്കുകയാണ്. എന്റെ ഭാര്യയെ എത്ര കാലമായി വേട്ടയാടുന്നു. ഇ.ഡി ആളുകളെ ഭീഷണിപ്പെടുത്തി ഇത്തരം മൊഴികൾ നൽകുന്നത് ഭരണഘടനാപരമായി ശരിയാണോ? ഇതിനെ പേടിച്ചു നിൽക്കാൻ എന്റെ പാർട്ടി എന്നെ പഠിപ്പിച്ചിട്ടില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ബി.ജെ.പിക്കെതിരെ അവസാന ശ്വാസം വരെ മതനിരപേക്ഷതയ്ക്കായി പോരാടും.’

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ മാത്രമാണ് സംഘടനയിലും സർക്കാരിലും താൻ നിർവഹിച്ചിട്ടുള്ളതെന്നും ഏതന്വേഷണത്തെയും ഭയമില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Content Highlight:False Statements Are Being Obtained Through Threats; We Will Fight the ED Legally and Politically”: Mohammed Riyas

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more