| Friday, 2nd January 2026, 7:49 am

വ്യാജ ബലാത്സംഗ ആരോപണങ്ങള്‍ ഉണങ്ങാത്ത മുറിവുകള്‍ അവശേഷിപ്പിക്കും: ദല്‍ഹി ഹൈക്കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: വ്യാജ ബലാത്സംഗ ആരോപണങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി ദല്‍ഹി ഹൈക്കോടതി.

വ്യാജ ബലാത്സംഗ ആരോപണങ്ങള്‍ കുറ്റാരോപിതരില്‍ ജീവിതകാലം മുഴുവന്‍ ഉണങ്ങാത്ത മുറിവുണ്ടാക്കുമെന്നും ഇരയ്ക്കും പ്രതിക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ദല്‍ഹി ഹൈക്കോടതി പറഞ്ഞു.

ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിക്കെതിരായ ദല്‍ഹി പൊലീസിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ബലാത്സംഗ ആരോപണത്തില്‍ നിന്നും ഇര പിന്‍വാങ്ങിയതിനെ തുടര്‍ന്ന് മുഴുവന്‍ പ്രതികളെയും വിചാരണ കോടതി
വെറുതെ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു ദല്‍ഹി പൊലീസിന്റെ പുനപരിശോധനാ ഹരജി.

ജോലി വാഗ്ദാനം ചെയ്ത് മൂന്ന് പേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഒരു സ്ത്രീ നല്‍കിയ പരാതി. എന്നാല്‍ വിചാരണ വേളയില്‍ അവര്‍ മൊഴി മാറ്റി പറയുകയായിരുന്നു.

പ്രതി തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും ഉപഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികളില്‍ ഒരാളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമായിരുന്നു പിന്നിടുള്ള മൊഴി.

എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളെ നിസ്സാരമായി കാണാനാവില്ലെന്നും യഥാര്‍ത്ഥ ഇരകളെ ബാധിക്കാതിരിക്കാന്‍ വിഷയത്തില്‍ കര്‍ശന പരിശോധന നടത്തുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ്
സ്വരണ കാന്ത ശര്‍മ്മയുടെതായിരുന്നു നിരീക്ഷണം.

‘യഥാര്‍ത്ഥ ലൈംഗികാതിക്രമ കേസുകളില്‍ അന്തസിന്റെയും ശാരീരിക സമഗ്രതയുടെയും ലംഘനം ഉണങ്ങാത്ത മുറിവായി ഇരകളില്‍ അവശേഷിക്കും. അതുപോലെ തന്നെ വ്യാജ കുറ്റാരോപണങ്ങളില്‍ പ്രതി അനുഭവിക്കുന്ന തടവിലാക്കല്‍, പ്രശസ്തി നഷ്ടപ്പെടല്‍, സാമൂഹിക കളങ്കം, മാനസികാഘാതം തുടങ്ങിയവ ഉണങ്ങാത്ത മുറിവായി അവശേഷിച്ചേക്കാം,’ ഡിസംബര്‍ 15 ലെ ഉത്തരവില്‍ കോടതി പറഞ്ഞു.

നിര്‍ബന്ധമോ ബാഹ്യ സമ്മര്‍ദമോ ഇല്ലാതെയുള്ള മൊഴിമാറ്റല്‍ ഗുരുതര ആശങ്കള്‍ ഉയര്‍ത്തുന്നുവെന്നും ഇതൊരു ഭരണഘടനാ കോടതിക്ക് അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗ കേസുകളില്‍ ഇരയ്ക്ക് മാത്രമല്ല കുറ്റാരോപിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കൂടാതെ വ്യാജ പരാതികള്‍ ആളുകളുടെ മനസ്സില്‍ സംശയവും മടിയും സൃഷ്ടിക്കുന്നുവെന്നും ഇത് യഥാര്‍ത്ഥ പാരാതികളെ പോലും സംശയത്തോടെ വീക്ഷിക്കുന്നതിന് കാരണമാവുന്നുവെന്നും കോടതി പറഞ്ഞു.

‘ദുരനുഭവങ്ങളുണ്ടായ സ്ത്രീകളുടെ ശബ്ദങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയോ അവരുടെ അനുഭവങ്ങള്‍ സംശയിക്കപ്പെടുകയോ ചെയ്‌തേക്കാം. ഇതാണ് തെറ്റായ പരാതികള്‍ ഉണ്ടാക്കുന്ന ദൗര്‍ഭാഗ്യകരമായ ഫലം,’ ജഡ്ജി പറഞ്ഞു.

ലൈംഗികാതിക്രമ കേസുകളില്‍ ഉടനടി സഹായം നല്‍കുന്നതിനായുള്ള നഷ്ട പരിഹാര തുകകള്‍ ദുരുപയേഗം ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി.

‘ആരോപണങ്ങള്‍ പിന്‍വലിക്കുകയോ തെറ്റാണെന്ന് കണ്ടെത്തുകയോ ചെയ്യുന്ന കേസുകളില്‍ ഇടക്കാല നഷ്ടപരിഹാര തുക തിരിച്ചെടുക്കാതിരിക്കുന്നത് പൊതുഫണ്ട് ദുരുപയോഗത്തിന് കാരണമാവുന്നു. മാത്രമല്ല ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതികളുടെ സുസ്ഥിരതയും വിശ്വാസ്യതയും ദുര്‍ബലപ്പെടുത്തുന്നതിനും ഇത് കാരണമായേക്കാം,’ കോടതി മുന്നറിയിപ്പ് നല്‍കി.

Content Highlight: False rape allegations leave unhealed wounds: Delhi High Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more