| Wednesday, 18th June 2025, 11:22 am

രാജ്യസഭ സീറ്റ്, വി.എസിനെ കണ്ടില്ലെന്ന പരാതി, ആശാമാരുടെ കാല് തല്ലിയൊടിക്കും; എം. സ്വരാജിനെതിരെ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ വ്യാജപ്രചാരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിനെതിരെ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ വ്യാജപ്രചാരണം. ആദ്യം ഒഴിവ് വരുന്ന രാജ്യ സഭ സീറ്റ് സ്വരാജിന് നല്‍കാന്‍ ധാരണ, വി.എസിനെ കാണാന്‍ സ്വരാജ് വരാത്തതില്‍ മകന്‍ അരുണ്‍ കുമാര്‍ പരാതി പറഞ്ഞു, ആശാവര്‍ക്കര്‍മാരുടെ കാല് തല്ലിയൊടിക്കുമെന്ന് സ്വരാജ് പറഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ ചേര്‍ത്ത് വ്യാജ വാര്‍ത്താ കാര്‍ഡുകളും സ്‌ക്രീന്‍ ഷോട്ടുകളും നിര്‍മിച്ചാണ് വ്യാജപ്രചാരണം. പ്രചരിക്കുന്ന വാര്‍ത്ത കാര്‍ഡുകളും സ്‌ക്രീന്‍ ഷോട്ടുകളും വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നിലമ്പൂരിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലടക്കം ഈ കാര്‍ഡുകളും സ്‌ക്രീന്‍ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുകയും ഇതിന്റെ പേരില്‍ ചര്‍ച്ചകളും നടന്നിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി. ശക്തിധരന്‍ ഉള്‍പ്പടെയുള്ളവര്‍ ഫേസ്ബുക്കില്‍ ഈ കാര്‍ഡുകളും സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫാക്ട് ചെക്ക് വിഭാഗം ഇത് വ്യാജമായി നിര്‍മിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കിയത്. വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ജി. ശക്തിധരന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

നിലമ്പൂരിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഈ വ്യാജ വാര്‍ത്ത കാര്‍ഡുകളും സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. ഈ ഗ്രൂപ്പില്‍ ഇതിന്റെ പേരില്‍ തര്‍ക്കങ്ങളും നടന്നിരുന്നു. എന്നാല്‍ കാര്‍ഡുകളും സ്‌ക്രീന്‍ഷോട്ടുകളും വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ ഗ്രൂപ്പിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചു.

അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ മുന്നണികള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണവും രാഷ്ട്രീയ തര്‍ക്കങ്ങളും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മാതൃഭൂമി അഭിമുഖത്തിലെ ജനതാപാര്‍ട്ടിയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് ഇപ്പോള്‍ പ്രചാരണത്തിലുള്ളത്. എന്നാല്‍ ഈ വിവാദത്തിന് ഇന്ന് രാവിലെ എം.വി. ഗോവിന്ദന്‍ തന്നെ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ കാര്‍ഡുകളില്‍ ചിലത്

സി.പി.ഐ.എം ആര്‍.എസ്.എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ചരിത്രത്തെ ചരിത്രമായി കാണാന്‍ പഠിക്കണമെന്നും യു.ഡി.എഫ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

വിമോചന സമരത്തിന്റെ ഘട്ടത്തില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണെന്നും 1980ല്‍ ജനതാപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതും കോണ്‍ഗ്രസാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് ഇ.എം.എസ്. തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 19നാണ് നിലമ്പൂരില്‍ വോട്ടെടുപ്പ്. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍.

content highlights:  False propaganda against M. Swaraj in the name of Asianet News

We use cookies to give you the best possible experience. Learn more