ഉദയ്പൂര്‍: ഇന്ത്യയുടെ കുതിപ്പിനെ ദുര്‍ബലപ്പെടുത്തുന്നതിനായി രാജ്യത്തിനകത്തും പുറത്തും വ്യാജമായ ആഖ്യാനങ്ങളും റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഉദയ്പൂരില്‍ മഹാ റാണാ പ്രതാപ് ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വളര്‍ച്ചയെ എതിര്‍ക്കുന്നവര്‍ക്ക് വലിയ വിഭവസമാഹരണ ശേഷിയുണ്ടെങ്കിലും, നമ്മുടെ പാരമ്പര്യ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഇതിനെ പ്രതിരോധിക്കണമെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നേടാന്‍ സാധിക്കാത്തവരാണ് ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ ഗൂഢാലോചന നടത്തുന്നത്. ജനസംഖ്യ, അധികാരം, സാമ്പത്തിക ശേഷി, സംഘടനാ ശേഷി എന്നിവയുള്ളവരാണ് ഇതിന് പിന്നിലെങ്കിലും നമ്മുടെ മൂല്യങ്ങളില്‍ നാം ഉറച്ചുനില്‍ക്കണം.
ഇന്ത്യയുടെ വളര്‍ച്ച രാജ്യത്തിന് മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും ആവശ്യമാണ്. ശക്തമായ ഒരു ഇന്ത്യ ലോകത്തിന് അത്യന്താപേക്ഷിതമാണെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.
ഹല്‍ദിഘട്ടി യുദ്ധത്തെയും മഹാറാണാ പ്രതാപിന്റെ പോരാട്ടത്തെയും ഇന്ത്യയുടെ സാംസ്‌കാരിക പ്രതിരോധത്തിന്റെ പ്രതീകമായാണ് ഭാഗവത് വിശേഷിപ്പിച്ചത്.
നമ്മുടെ ചരിത്രം അടിമത്തത്തിന്റേതല്ല, മറിച്ച് നമ്മെ അടിമകളാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റേതാണ്. ഹല്‍ദിഘട്ടി യുദ്ധം വെറുമൊരു സൈനിക ഏറ്റുമുട്ടലായിരുന്നില്ല, മറിച്ച് വിദേശ അധിനിവേശത്തിനെതിരായ ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘകാല പോരാട്ടത്തിന്റെ പ്രതീകമായിരുന്നു.
മുഗള്‍ ചരിത്രകാരന്മാരുടെ രേഖകള്‍ പോലും ഈ യുദ്ധത്തില്‍ അവര്‍ക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വന്നതായും പിന്‍വാങ്ങേണ്ടി വന്നതായും സൂചിപ്പിക്കുന്നുണ്ടെന്ന് മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു
ഇടുങ്ങിയ സ്വത്വബോധങ്ങള്‍ക്ക് അതീതമായി ജനങ്ങള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യമെന്നാല്‍ എല്ലാവരും ഒരേപോലെയാകണമെന്നല്ല, മറിച്ച് വൈവിധ്യങ്ങള്‍ക്കിടയിലുള്ള യോജിപ്പും പരസ്പര ബഹുമാനവുമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഒരു രാഷ്ട്രത്തിന്റെ കരുത്ത് എന്നത് അവിടുത്തെ ജനങ്ങളുടെ ധാര്‍മിക സ്വഭാവം, അച്ചടക്കം, സാമൂഹിക ഐക്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ഉയരണമെങ്കില്‍ ഇന്ത്യക്കാരുടെ മൂല്യങ്ങളും സ്വഭാവവും ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
Content highlight: False narratives are being created to stop India’s rise: Mohan Bhagwat