| Thursday, 27th August 2026, 7:38 am

ഉക്രൈന്‍ ആക്രമണത്തിന്റെ തിരിച്ചടി; ഇന്ധന ക്ഷാമത്തില്‍ ഇന്ത്യയെ സമീപിച്ച് റഷ്യ

അഞ്ജു ചന്ദ്രന്‍

മോസ്‌കോ: റഷ്യ-ഉക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെയുണ്ടായ ഉക്രൈന്റെ തിരിച്ചടികള്‍ റഷ്യയിലെ ഇന്ധനവിതരണത്തെ പ്രതിസന്ധിയിലാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയിലെ എണ്ണശുദ്ധീകരണശാലകള്‍ക്കും ഇന്ധന അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെ ഉക്രൈന്‍ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം ശക്തമാക്കിയതോടെ റഷ്യയില്‍ പെട്രോള്‍ ഉത്പാദനത്തിന് തിരിച്ചടിയായി. ആഭ്യന്തര ആവശ്യകത നിറവേറ്റാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ ഇന്ത്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ റഷ്യ നിര്‍ബന്ധിതമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ ഇന്ധന ഊര്‍ജ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ ഫലമായി നിരവധി എണ്ണ ശുദ്ധീകരണശാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് ഗ്യാസോലിന്‍, ഡീസല്‍ ഉത്പ്പാദനം താത്ക്കാലികമായും ഭാഗികമായും കുറച്ചു,’ റഷ്യന്‍ വക്താവ് അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞതായി വിദേശ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഷങ്ങളായി തുടരുന്ന ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യയിലെ എണ്ണമേഖലകളെല്ലാം തിരിച്ചടി നേരിടുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഉക്രൈന്‍ നടത്തിയ തിരിച്ചടികളില്‍ റഷ്യയിലെ നിരവധി എണ്ണശുദ്ധീകരണശാലകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചില റിഫൈനറികളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. ഇതോടെ റഷ്യയുടെ ആഭ്യന്തര പെട്രോള്‍ ലഭ്യതയില്‍ സമ്മര്‍ദം വര്‍ധിക്കുകയും പെട്രോള്‍ ക്ഷാമം ഒഴിവാക്കുന്നതിനായി വിദേശത്തുനിന്നുള്ള ഇന്ധനവിതരണത്തെ റഷ്യ ആശ്രയിക്കുകയായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍, ജൂലൈ മാസങ്ങളിലായി ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക് 10 ലക്ഷം ബാരലിലധികം പെട്രോള്‍ കയറ്റി അയച്ചതായി കപ്പല്‍ ട്രാക്കിങ് ഡാറ്റ സൂചിപ്പിക്കുന്നു. ജൂണില്‍ പ്രതിദിനം ഏകദേശം 12,000 ബാരലും ജൂലൈയില്‍ ഏകദേശം 21,000 ബാരലും ഇന്ത്യ റഷ്യയിലേക്ക് കയറ്റി അയച്ചതായാണ് ഡാറ്റ.

ഗുജറാത്തിലെ വഡിനാര്‍ റിഫൈനറിയാണ് റഷ്യയിലേക്കുള്ള ഈ പെട്രോള്‍ കയറ്റുമതിയിലെ പ്രധാന ഇന്ത്യന്‍ ഉറവിടമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് വഡിനാര്‍ റിഫൈനറി ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയില്‍ ഗണ്യമായ ഓഹരി പങ്കാളിത്തവുമുണ്ട്.

റഷ്യ സാധാരണയായി വലിയ തോതില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. എന്നാല്‍ ഉക്രൈന്‍ ആക്രമണങ്ങളില്‍ എണ്ണശുദ്ധീകരണ ശേഷിക്ക് തിരിച്ചടി നേരിട്ടതോടെ റഷ്യ തന്നെ ഇന്ത്യയില്‍ നിന്ന് ശുദ്ധീകരിച്ച പെട്രോള്‍ വാങ്ങുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായത്.

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ ക്രൂഡ് ഇന്ത്യയിലെ റിഫൈനറികളില്‍ ശുദ്ധീകരിച്ചാണ് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നത്. ഉക്രൈന്റെ തിരിച്ചടികള്‍ റഷ്യയുടെ എണ്ണവ്യവസായത്തില്‍ സൃഷ്ടിച്ച മറ്റൊരു തിരിച്ചടിയായാണ് ഇന്ത്യയില്‍ നിന്നുള്ള പെട്രോള്‍ ഇറക്കുമതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Fallout from the Ukraine conflict: Russia approaches India over fuel shortage.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more