| Wednesday, 19th November 2025, 8:46 am

വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന് വ്യാജ പ്രചാരണം; എ.ഐ വീഡിയോ നിർമിച്ചയാളെ പിടികൂടി സൈബർ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൽപ്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ തകർന്ന് അപകടമെന്ന പേരിൽ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്ത് വയനാട് സൈബർ പൊലീസ്. ആലപ്പുഴ തിരുവമ്പാടി തെവേലിക്കകം വീട്ടിൽ കെ. അഷ്കർ അലിയാണ് പിടിയിലായത്.

വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷാജു ജോസഫിൻറെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ആലപ്പുഴയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ഒരു സ്ത്രീയും കുട്ടിയും സിപ്പ് ലൈനിൽ കയറുന്നതും പിന്നാലെ അവർ അപകടത്തിൽപ്പെടുന്നതുമായ വ്യാജ വീഡിയോയാണ് ഇയാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കൂടെ സിപ്പ് ലൈൻ ഓപ്പറേറ്റർ താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

ഒക്ടോബർ 27ന് വയനാട്ടിൽ സിപ്പ് ലൈൻ റൈഡിനിടെ അപകടമുണ്ടായെന്നും അതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയുമാണ് അഷ്‌കർ അലി ഈ വീഡിയോ പങ്കുവെച്ചത്. എ.ഐ നിർമിത വീഡിയോ അഷ്‌കർ അലി റിയാക്ടസ് എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചായിരുന്നായിരുന്നു ഈ വ്യാജ പ്രചാരണം.

വീഡിയോ പ്രചരിച്ചതോടെ ഇത്തരമൊരു അപകടനമുണ്ടായോയെന്ന ആശങ്കകൾ ഉയർന്നിരുന്നു. പിന്നാലെ, ഇത് എ.ഐ നിർമിതവും വ്യാജവുമാണെന്നും പൊലീസും ടൂറിസം അധികൃതരും അറിയിച്ചു.

സംഭവത്തിൽ ഒക്ടോബർ 30ന് ഇയാൾക്കെതിരെ വയനാട് സൈബർ പൊലീസ് കേസെടുത്തിരുന്നു. സമൂഹത്തിൽ ഭയമുളവാക്കുന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. ഇതിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് അഷ്‌കർ അലി അറസ്റ്റിലായത്.

അഷ്‌കർ അലി ആലപ്പുഴയിൽ നാല് കേസുകളിൽ പ്രതിയാണെന്നും വിവരമുണ്ട്. വധശ്രമം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, എൻ.ഡി.പി.എസ് തുടങ്ങിയവയിലാണ് ഇയാൾക്കെതിരെ കേസുകളുള്ളത്.

അതേസമയം, ഇങ്ങനെയൊരു വ്യാജവീഡിയോ പ്രചരിപ്പിച്ചതിന്റെ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlight: Fake propaganda claiming zip line accident in Wayanad; Cyber ​​police arrest person who made AI video

We use cookies to give you the best possible experience. Learn more