| Sunday, 15th May 2016, 7:41 pm

രമയ്‌ക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ആര്‍.എം.പി; 'ന്റെ മോളെ എന്നത് 'നായിന്റമോളെ' എന്നാക്കി പ്രചരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമ പെണ്‍കുട്ടിയെ തെറി വിളിച്ചെന്ന് പറയുന്നത് വ്യാജപ്രരണമെന്ന് ആര്‍.എം.പി. രമ പെണ്‍കുട്ടിയെ “നായിന്റെ മോളെ” എന്നു വിളിച്ചുവെന്നാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മലബാര്‍ ശൈലിയില്‍ “ന്റെ മോളെ വാക്കുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ച് വേണം” എന്ന രമയുടെ വാക്കുകളില്‍ “നായ്” എന്ന് വെച്ച് പിടിപ്പിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ആര്‍.എം.പി നേതാക്കള്‍ പറയുന്നു.

മെയ് 14ന് വടകരയിലെ തച്ചോളി മാണിക്കോത്ത് വെച്ച് വോട്ടു ചോദിക്കാനെത്തിയ രമയ്ക്ക് നേരെ സി.പി.ഐ.എം പ്രവര്‍ത്തകരില്‍ നിന്നും കയ്യേറ്റശ്രമം ഉണ്ടായത്. ഇക്കാാര്യം ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സി.പി.ഐ.എമ്മും കൈരളി ചാനലും ചേര്‍ന്ന് കള്ളപ്രചരണം നടത്തുകയാണെന്നും ആര്‍.എം.പി ആരോപിച്ചു.

സംഭവത്തെ കുറിച്ച് ആര്‍.എം.പി  പറയുന്നതിങ്ങനെ

“ഇങ്ങടെ നാട്ടില്‍ വന്ന് വോട്ടു ചോദിച്ചപ്പോള്‍ ഇങ്ങളെന്താ പറഞ്ഞത്? ഒരൊറ്റ നായ്ക്കളും ഒരൊറ്റ സി.പിഎംകാരും ഇവിടെ കേറണ്ടാന്ന് പറഞ്ഞിട്ടില്ലേ? ആരും പറഞ്ഞിട്ടില്ലേ? നിങ്ങളാരും പറഞ്ഞിട്ടില്ലേ?” വാഗ്വാദത്തിനിടെ പ്രദേശത്തുകാരിയ നീതു എന്ന പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞപ്പോഴാണ് മറുപടിയായി  “ന്റെ മോളെ വാക്കുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ച് വേണം” എന്ന് രമ താക്കീത് നല്‍കുന്നത്.

പൊതുജനമധ്യത്തില്‍ അപമാനിക്കും വിധം ശബ്ദത്തില്‍ കൃത്രിമം കാണിച്ച് പ്രചരിപ്പിച്ചതിനെതിരെ ഇലക്ഷന്‍ ഒബ്‌സര്‍വര്‍, വടകര റൂറല്‍ എസ്.പി, റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ആര്‍.എം.പി അറിയിച്ചു.


Related: വടകരയില്‍ നടന്നത് നാടകം; കള്ളക്കഥ പരത്താന്‍ മുഖ്യമന്ത്രിയും കൂട്ടുനിന്നു: പിണറായി വിജയന്‍


We use cookies to give you the best possible experience. Learn more