| Saturday, 1st December 2018, 8:41 pm

ആ റോഡ് ഇന്ത്യയിലല്ല, ഇന്തോനേഷ്യയില്‍; മോദിയെ അഭിനന്ദിച്ച് പ്രചരിക്കുന്ന ചിത്രം വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി നിര്‍മ്മിച്ച റോഡെന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്ന പവന്‍ ദുരാനി ട്വീറ്റ് ചെയ്ത ഫോട്ടോയാണ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഇന്തോനോഷ്യയിലെ ഗ്രാമത്തിലെ റോഡാണ് ഇന്ത്യയിലെ റോഡെന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിച്ചത്.

“ഒരു ഗ്രാമത്തില്‍ ആദ്യമായി റോഡ് നിര്‍മ്മിച്ച് നല്‍കിയാല്‍ ഇങ്ങനെയിരിക്കും. നന്ദി പ്രധാനമന്ത്രി” എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ചെരിപ്പുകള്‍ റോഡരികില്‍ ഊരിവെച്ച് നഗ്‌നപാദരായി നില്‍ക്കുന്ന കുട്ടികളാണ് ചിത്രത്തില്‍. ചിത്രത്തിനു പിന്നിലെ യഥാര്‍ത്ഥ സംഭവം പുറത്തുവന്നതോടെ ദുരാനി പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അതിനോടകം പലരും ഇത് റീട്വീറ്റ് ചെയ്യുകയും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. 5000 ലൈക്കും 2000 റീട്വീറ്റും ഈ വ്യാജ പ്രചാരണത്തിന് ലഭിച്ചിരുന്നു.


also read:  മുസ്‌ലിം സുഹൃത്തിന് വൃക്ക നല്‍കാന്‍ നിയമ സഹായം തേടി സിഖ് യുവതി


ചിത്രത്തില്‍ കാണുന്ന റോഡ് യഥാര്‍ത്ഥത്തില്‍ ഒരു ഇന്തോനേഷ്യന്‍ ഗ്രാമത്തിലേതാണ്. 2018 ഒക്ടോബറില്‍ “ദ ക്യുബെക് ടൈംസ്” എന്ന വെബ്‌സൈറ്റ് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇവര്‍ ടാര്‍ ചെയ്ത റോഡ് കണ്ടത്. ഗ്രാമവാസികളില്‍ പലരും ചെരുപ്പ് അഴിച്ചുവെച്ചാണ് റോഡിലൂടെ നടന്നത്. ആഗസ്റ്റില്‍ ട്വിറ്ററില്‍ ഈ ചിത്രം ഇന്തോനേഷ്യയിലേതെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്യപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മറ്റ് രാജ്യങ്ങളിലെ വികസന മാതൃകകളെ ഇന്ത്യയുടേതെന്ന പേരില്‍ ഷെയര്‍ ചെയ്യുന്നത് ഇത് ആദ്യമായല്ല. നേരത്തേ അഹമ്മദാബാദ് മേയര്‍ ബിജല്‍ പട്ടേല്‍ സീയൂളില്‍ നിന്നുള്ള ചിത്രം സബര്‍മതി തീരമെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു. ഷാന്‍ഹായിയിലെ നന്‍പു പാലത്തിന്റെ ചിത്രം വാരണസിലെ റോഡുകളാണെന്നും വിയറ്റ്‌നാമിലെ പാലം റായിഗറിലേതാണെന്നുമുള്ള തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more