കണ്ണൂർ: കോൺഗ്രസിലേക്ക് പോകുമെന്നത് വ്യാജ വാർത്തയാണെന്നും മുൻ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ സന്ദർശനം വ്യക്തിപരമായതെന്നും മുതിർന്ന സി.പി.ഐ.എം നേതാവും മുൻ എം.എല്‍.എയുമായ സി.കെ.പി പത്മനാഭൻ.
വ്യാജമായ വാർത്തയിൽ കൂടുതൽ പ്രതികരണം നടത്തുന്നില്ലെന്ന് വ്യക്തമാക്കിയ സി.കെ.പി പത്മനാഭൻ കോൺഗ്രസിലേക്ക് പോകുമെന്നുള്ള അഭ്യൂഹങ്ങൾ തള്ളി.
തന്റെ രോഗാവസ്ഥയെക്കുറിച്ച് സംസാരിച്ചെന്നും തികച്ചും വ്യക്തിപരമായ സന്ദർശനമാണ് നടന്നതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
രാഷ്ട്രീയകാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാനുള്ള നിലപാട് താൻ സ്വീകരിച്ചിട്ടില്ലെന്നും കൂട്ടത്തിൽ ഉള്ളവർ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങൾ കള്ളവാർത്ത കൊടുക്കുകയും ആ വാർത്തയിൽ എന്നെ പ്രതികരിപ്പിക്കാൻ ശ്രമിക്കുകയും അതിൽ നിന്നും എന്തെങ്കിലും കിട്ടുമെങ്കിൽ അത് വീണ്ടും വാർത്തയാക്കുന്നു. ഈ വാർത്ത വ്യാപാരത്തിന് ഞാൻ കൂട്ടുനിൽക്കില്ല,’ സി.കെ.പി പത്മനാഭൻ പറഞ്ഞു.
കെ.സുധാകരൻ തന്റെ രോഗ വിവരം അറിഞ്ഞപ്പോൾ തന്നെ വിളിച്ച് കാണാൻ കഴിയുമോയെന്ന് ചോദിച്ചിരുന്നെന്നും അങ്ങനെ കാണാൻ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാർത്തയുടെ ഉറവിടം സി.പി.ഐ.എം കണ്ടെത്തെണമെന്നും ഇല്ലെങ്കിൽ ഇതിനെതിരെ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി മാറുകയെന്നടക്കമുള്ള ഒരു മാനസിക ചാഞ്ചല്യത്തിലും താൻ അകപ്പെട്ടിട്ടില്ലെന്നും അകപ്പെടില്ലെന്നും പാർട്ടിക്ക് ഉറപ്പ് തരുന്നെന്നും അദ്ദേഹം പറഞ്ഞു.
സി.കെ.പിയുടെ വീട്ടിലെത്തി കെ.സുധാകരന്‍ എം.പി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു.
2006 മുതല്‍ 2011 വരെ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ അംഗമായിരുന്ന സി.കെ.പി പത്മനാഭന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന സി.പി.ഐ.എം നേതാവാണ്.
Content Highlight: Fake news that he will go to Congress; Sudhakaran’s visit was personal: C.K.P. Padmanabhan