| Sunday, 4th February 2018, 8:49 am

'ഇല്ല.. അത് തെറ്റാണ്'; പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണിസേനാ തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്തകളെ തള്ളി കര്‍ണിസേന. വിവാദ ചിത്രത്തിനെതിരായ എതിര്‍പ്പ് ഇപ്പോഴുമുണ്ടെന്നും പ്രതിഷേധം തുടരുമെന്നും കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് കാല്‍വിയും സുഖ്‌ദേവ് സിങ് ഗോഗമതിയും പറഞ്ഞു.

നേരത്തെ ചിത്രം രജപുതിനെ മഹത്വവത്കരിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതായും വെളിപ്പെടുത്തി കര്‍ണിസേനയുടെ മുംബൈ ഘടകം രംഗത്തെത്തിയിരുന്നു. എന്നാല്‍ മുംബൈ ഘടകത്തിന്റെതെന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നാണ് കാല്‍വി പറയുന്നത്.

പദ്മാവത് രജപുത്രരെ വാഴ്ത്തുന്ന സിനിമയാണെന്ന് ചിത്രം കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയതിനാല്‍ സമരം പിന്‍വലിക്കുകയാണെന്നു കാട്ടി കര്‍ണിസേനയുടെ മുംബൈ ഘടകം ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് കത്തു നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. കര്‍ണിസേനയുടെ മുംബൈയിലെ നേതാവ് യോഗേന്ദ്ര സിങ് ഒപ്പിട്ട കത്ത് പുറത്തുവരികയും ചെയ്തിരുന്നു.

“കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിങ്ങും മറ്റ് അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജപുതിനെ വാഴ്ത്തുന്നതാണെന്ന് മനസിലായി. മാത്രമല്ല ഓരോ രജപുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്. മാത്രമല്ല മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം റീലീസ് ചെയ്യാനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാം” എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, മുംബൈ ഘടകത്തിന്റേതായി ഇത്തരമൊരു നിര്‍ദ്ദേശം ഒരിടത്തേക്കും പോയിട്ടില്ലെന്നാണ് സുഖ്‌ദേവ് സിങ്ങ് ഗോഗമതി പറയുന്നത്. “പ്രതിഷേധം നിര്‍ത്താന്‍ ഞാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല. സമരം ഇപ്പോഴും തുടരുകയാണ്. ഈ പറയുന്ന കത്തില്‍ പേരും ഒപ്പുമുള്ള എല്ലാവരെയും സംഘടനയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്ട ഗോഗമതി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തില്‍ യാതൊരു വാസ്തവവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2016 ജനുവരിയില്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ആക്രമിച്ചുകൊണ്ടായിരുന്നു കര്‍ണിസേന ചിത്രത്തിനെതിരായ തങ്ങളുടെ പ്രതിഷേധം ആരംഭിച്ചത്. സിനിമയുടെ സെറ്റ് കത്തിച്ചും സംവിധായകനും താരങ്ങള്‍ക്കുമെതിരെ വധഭീഷണി വരെ മുഴക്കിയുമായിരുന്നു കര്‍ണിസേനയുടെ ആക്രമണം.

പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും പ്രണയരംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ടെന്നും അത് ചരിത്രത്തെ വളച്ചൊടിക്കലാണെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. എന്നാല്‍ അത്തരത്തിലുള്ള യാതൊരു സീനുകളും ചിത്രത്തിലില്ലെന്നും മാത്രമല്ല ചിത്രം രജപുതിനെ വാഴ്ത്തുന്നതാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടും കര്‍ണിസേന പ്രതിഷേധപരിപാടികളില്‍ നിന്നും പിന്നോക്കം പോയിരുന്നില്ല.

ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനും തീരുമാനമുണ്ടായിരുന്നു. കോടതി ഇടപെട്ടാണു ചിത്രം റിലീസ് ചെയ്തത്. റീസെന്‍സര്‍ ചെയ്ത ചിത്രത്തില്‍നിന്ന് ഇരുപതിലേറെ രംഗങ്ങള്‍ വെട്ടിമാറ്റുകയും ചെയ്തു.

റിലീസിന് രണ്ടുദിവസം മാത്രം ശേഷിക്കേ പദ്മവത് സിനിമയ്ക്കെതിരെ ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജ്പുത് സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കിയിരുന്നു. തീയേറ്ററുകള്‍ അടിച്ചുതകര്‍ത്തും സ്‌കൂള്‍ ബസ്സുകള്‍ ആക്രമിച്ചുമായിരുന്നു പ്രതിഷേധം.

Latest Stories

We use cookies to give you the best possible experience. Learn more