| Wednesday, 10th September 2025, 9:41 am

വ്യാജ ഐ.ഡി കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ നാല് സുഹൃത്തുക്കളെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യാജ ഐ.ഡി കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ നാല് സുഹൃത്തുക്കളെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. വ്യാജ കാർഡ് നിർമിച്ച് വിതരണം ചെയ്യാൻ കാർഡ് കളക്ഷൻ ഗ്രൂപ്പ് എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

കെ.എസ്.യു പത്തനംതിട്ട ജില്ലാ നേതാവ് നുബിൻ ബിനു, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്ണു, ചാർലി എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ മാങ്കൂട്ടത്തിലിന് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. നേരെത്തെ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും രാഹുൽ ഹാജരായിരുന്നില്ല. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ തനിക്കെതിരെ ഒരു തരത്തിലുള്ള തെളിവും കേസുകളും ഫയൽ ചെയ്തില്ലെന്നായിരുന്നു ഇതുവരെയുള്ള രാഹുലിന്റെ വാദം.

നേരത്തെ പ്രതിചേർക്കപെട്ടവരുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകിയിരുന്നു.അതിൽ മൂന്നാം പ്രതിയായ അഭി വിക്രമിന്റെ ഫോൺ പരിശോധിച്ച് ലഭിച്ച സൂചനകുളുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ സുഹൃത്തുക്കളായ നാലുപേരുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.

റെയ്ഡിൽ ഫോണുകൾ പിടിച്ചെടുത്തതിന് ശേഷം നടത്തിയ പരിശോധനയിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നതിനും വിതരണം ചെയ്യുന്നതിനും വോട്ട് ചെയ്യുന്നതിനുമായി വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.

രാഹുലിനെ കേസുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിൽ വിജയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാർഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തുക്കളായ ഫെനി നൈനാൻ ഉൾപ്പടെയുള്ളവരെയാണ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്.

Content Highlight: Fake ID card case; Crime Branch files charges against four friends of Rahul Mangkootatil

We use cookies to give you the best possible experience. Learn more