തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബി.ജെ.പിയുടെ സീൽ ഉൾപ്പെട്ട സംഭവത്തിൽ പ്രതികരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്തതിലും പ്രതികരണങ്ങൾ നീക്കം ചെയ്തതിലും വിശദീകരണവുമായി കേരളാ പോലീസ്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (C.E.O) ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടും അക്കാര്യങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾ നൽകലും പ്രചാരണവും തുടരുന്ന സാഹചര്യത്തിലാണ് ഇടപെടലുണ്ടായതെന്ന് പൊലീസ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ നിരവധി യു.ആർ.എല്ലുകൾ (U.R.L) ഇതിനകം നീക്കം ചെയ്തുവെന്നും പൊലീസ് കുറിപ്പിലൂടെ അറിയിച്ചു.
ഈ സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കേണ്ടതാണെന്നും പൊലീസ് പറയുന്നു.
അതേസമയം, വിവാദമായ സർക്കുലറിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് എതിരായാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. വിവാദ സർക്കുലറിന്റെ സ്ക്രീൻ ഷോട്ടും, തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും നീക്കം ചെയ്യണമെന്നാണ് പൊലീസ് നിർദേശിച്ചിരുന്നു.
മാധ്യമങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർക്ക് പുറമെ സാധാരണക്കാരുടേതടക്കം 270 ഓളം എക്സ് അക്കൗണ്ടുകൾക്കും 90 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കുന്നതാണ് പോസ്റ്റുകൾ എന്നും സാമുദായിക ഐക്യത്തെ തകർക്കുന്ന ഉള്ളടക്കമാന്നുള്ളതെന്നും കേരള പൊലീസ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ കമ്പനികൾക്കും നിർദേശം നൽകിയിരുന്നു.
സി.പി.ഐ.എമ്മിന് ഇ മെയിൽ വഴി ലഭിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലാണ് ബി.ജെ.പി കേരളാ ഘടകത്തിന്റെ സീൽ പതിഞ്ഞിരുന്നത്. 2019 മാർച്ച് 19 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലായിരുന്നു സംഭവം.
കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ നിരവധി യു.ആർ.എല്ലുകൾ (URL) ഇതിനകം നീക്കം ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) ഔദ്യോഗികമായി വിശദീകരണം നൽകിയ കാര്യങ്ങളിൽ പോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് ഇടപെടൽ. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം നടപടി സ്വീകരിക്കുന്നത്.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കേണ്ടതാണ്. സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യുകയോ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയോ ചെയ്യരുത്.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.
തെറ്റായ വിവരങ്ങൾ ബോധപൂർവം നിർമ്മിക്കുന്നവർക്കും അത് പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ്.
Content Highlight: BJP seal controversy: Fake campaign continues despite explanation from election officer; Kerala Police clarifies action taken