| Sunday, 25th January 2026, 8:58 am

നീറ്റ് പരീക്ഷയില്‍ രണ്ട് തവണ തോറ്റു; വികലാംഗ ക്വോട്ടയില്‍ പ്രവേശനം നേടാന്‍ കാല് മുറിച്ച് മാറ്റി വിദ്യാര്‍ത്ഥി

നിഷാന. വി.വി

ലക്‌നൗ: എം.ബി.ബി.എസിന് സീറ്റ് ലഭിക്കുന്നതിനായി കാല്‍പാദം മുറിച്ച് മാറ്റി യുവാവ്. രണ്ട് തവണ മെഡിക്കല്‍ പ്രവേശനത്തിനായി നീറ്റ് പരീക്ഷയെഴുതിയിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഭിന്നശേഷി സംവരണാനുകൂല്യം ലഭിക്കുന്നതിനായി യുവാവ് സ്വന്തം കാല് മുറിച്ച് മാറ്റിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍ പ്രദേശിലെ ഖാലിപൂര്‍ ഗ്രാമവാസിയായ സൂരജ് ഭാസ്‌ക്കര്‍ എന്ന യുവാവാണ് കാല്‍പാദം മുറിച്ചുമാറ്റിയത്.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു കേസിനാസ്പദമാായ സംഭവം. അജ്ഞാതരായ രണ്ട് പേര്‍ ആക്രമിച്ച് സൂരജിന്റെ കാല്‍പാതം മുറിച്ച് മാറ്റിയെന്ന് കാണിച്ച് സഹോദരന്‍ ആകാശ് ഭാസ്‌ക്കര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ തുടരന്വേഷണത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ മെഡിക്കള്‍ കോളേജില്‍ സീറ്റ് ലഭിക്കുന്നതിനായി സൂരജ് കാല് സ്വയം മുറിച്ചുമാറ്റിയതാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

യുവാവിന്റെ ഡയറിയില്‍ ഞാന്‍ 2026ല്‍ എം.ബി.ബി.എസ് ഡോക്ടര്‍ ആവുമെന്ന് എഴുതിയിരുന്നതായും പൊലീസ് പറഞ്ഞു.

സൂരജിന്റെ മൊഴിയിലെ വൈരുദ്ധ്യവും വീട്ടില്‍ ബലപ്രയോഗത്തിന്റെ സൂചനും ലഭിക്കാതിരുന്നതോടെയാണ് സംശയം ഇരയ്ക്ക് നേരെ തന്നെ തിരിഞ്ഞത്.

കൂടാതെ പരിസരത്ത് നിന്നും അനസ്‌തെറ്റിക്ക് മരുന്നടങ്ങിയ സിറിഞ്ചും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇരയുടെ കൈയ്ക്ക് ചെറിയ വൈകല്യമുണ്ടെന്നും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അദ്ദേഹം മുന്‍പ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയെ സമീപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. വൈകല്യത്തിന്റെ നിശ്ചിത പരിധിയില്‍ താഴെയായാണെന്ന് കണ്ടെത്തിയതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല.

സൂരജിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചിതിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും കാലിന്റെ മുറിഞ്ഞ് പോയ ഭാഗം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും അഡീഷണല്‍ പൊലീസ് സുപ്രണ്ട് ഗോള്‍ഡി ഗുപ്ത പറഞ്ഞു.

നിലവില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വീട് നിര്‍മാണത്തിനും മറ്റ് ജോലികള്‍ക്ക് ഉപയോഗിക്കുന്ന ഗ്രൈന്‍ഡര്‍ മെഷീന്‍ ഉപയോഗിച്ച് കാല്‍ മുറിച്ച് മാറ്റുകയായിരുന്നുവെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.

ഏതൊക്കെ ക്രിമിനല്‍ നിയമ വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തേണ്ടതെന്ന കാര്യത്തില്‍ നിയമോപദേശം തേടുകയാണെന്നും പൊലീസ് പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Failed NEET exam twice; student amputates leg to get admission under disabled quota

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more