| Thursday, 25th December 2025, 5:39 pm

ലക്ഷ്മിക്കുട്ടിയെ തട്ടിക്കൊണ്ടുപോയി കറന്നെന്ന ഡയലോഗ് വെറും തമാശ, പ്രേക്ഷകര്‍ തെറ്റായി സമീപിച്ചതാകാം: ന്യായീകരിച്ച് ഫഹീം സഫര്‍

അമര്‍നാഥ് എം.

വന്‍ ഹൈപ്പിലെത്തി ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയത്തിലേക്ക് കുതിക്കുകയാണ് ദിലീപ് നായകനായ ഭ ഭ ബ. ദിലീപിന്റെ തിരിച്ചുവരവാകുമെന്ന് ആരാധകര്‍ അവകാശപ്പെട്ട ചിത്രം ആദ്യ വാരം പിന്നിടുമ്പോള്‍ തന്നെ വാഷ് ഔട്ടിന്റെ വക്കിലാണ്. പരാജയത്തിലേക്ക് കുതിച്ചതിനൊപ്പം ചിത്രത്തിലെ ചില രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറി.

വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനുമുള്ള രംഗത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ ആദ്യ കിഡ്‌നാപ്പിനെക്കുറിച്ച് പറയുന്ന രംഗം വിമര്‍ശനത്തിന് വിധേയമായി. ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കറന്നെന്നുമുള്ള ഡയലോഗിനെ പലരും വിമര്‍ശിച്ചു. ഇപ്പോഴിതാ ആ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തുകളില്‍ ഒരാളായ ഫഹീം സഫര്‍.

ഫഹീം സഫര്‍ Photo: Screen grab/ Ginger Media Entertainments

ആ സീനിനെ തമാശയായാണ് എല്ലാവരും സമീപിച്ചതെന്നും സിനിമയുടെ ഴോണര്‍ അങ്ങനെയുള്ള ഒന്നാണെന്നും ഫഹീം പറയുന്നു. ആ ഡയലോഗിനെക്കുറിച്ച് ഒരുപാട് പേര്‍ പരാതിപ്പെടുന്നത് കണ്ടെന്നും എന്നാല്‍ അത്രയും വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ഫഹീം കൂട്ടിച്ചേര്‍ത്തു. ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ഫഹീം സഫര്‍.

‘ഈ സിനിമയുടെ കോണ്‍ടെക്‌സ്റ്റില്‍ നിന്നുകൊണ്ട് ആ സീനിനെ നോക്കിക്കാണുക എന്ന് മാത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ. വിനീതേട്ടന്‍ ഈ സിനിമയിലെ വില്ലനാണ്. എന്നിരുന്നാലും ആ ക്യാരക്ടറിനെ ഹ്യൂമറിന്റെ ബാക്ക്ഗ്രൗണ്ടിലാണ് അവതരിപ്പിച്ചത്. ആ ക്യാരക്ടറിനോട് ധ്യാന്‍ ചേട്ടന്റ കഥാപാത്രം കഥ പറയുമ്പോള്‍ വിനീതേട്ടന്‍ അത് മനസില്‍ ചിന്തിക്കുന്നതാണ് ആ സീന്‍.

ആ സീനും ഒരു റഫറന്‍സാണ്. വില്ലന്റെ ചിന്താഗതിയിലാണ് ആ സീന്‍ കാണിക്കുന്നത്. തൊട്ടടുത്ത സെക്കന്‍ഡില്‍ കൂടെയുള്ള കഥാപാത്രം അതിനെ തിരുത്തുന്നുമുണ്ട്. ഈ സിനിമയുടെ മൊത്തം കോണ്‍ടെക്‌സ്റ്റ് അങ്ങനെയാണ്. ഒരുപക്ഷേ, പ്രേക്ഷകരിലേക്ക് ആ സീന്‍ കൃത്യമായി എത്താത്തതുകൊണ്ടാകാം. ഒരുപക്ഷേ, എത്തിയിട്ടുണ്ടെങ്കിലും വേറൊരു രീതിയില്‍ കാണാനാകും അവര്‍ ശ്രമിച്ചിട്ടുണ്ടാവുക. സിനിമയിലില്ലാത്ത ഡയലോഗൊക്കെ ചേര്‍ത്ത് പറയുന്നുണ്ട്,’ ഫഹീം സഫര്‍ പറഞ്ഞു.

സ്പൂഫ് എന്ന ഴോണര്‍ ഇഷ്ടമാകാത്തവരുണ്ടെന്നും അവരെ കുറ്റം പറയാനാകില്ലെന്നും ഫഹീം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിവാദമായ രംഗം ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും സിനിമയെ സിനിമയായി മാത്രം കാണണമെന്നും ഫഹീം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ ധനഞ്ജയ് ശങ്കറും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാനാണ് ഭ ഭ ബ നിര്‍മിച്ചത്. 40 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ ബജറ്റ് പോലും തിരിച്ചുപിടിച്ചിട്ടില്ല. സൂപ്പര്‍താരം മോഹന്‍ലാലിന്റെ അതിഥിവേഷമായിരുന്നു റിലീസിന് മുമ്പ് ഭ ഭ ബയുടെ ഹൈപ്പ് ഉയര്‍ത്തിയ ഘടകം. എന്നാല്‍ മോഹന്‍ലാലിന്റെ കഥാപാത്രം പോലും ട്രോള്‍ മെറ്റീരിയലായി മാറുകയായിരുന്നു.

Content Highlight: Faheem Safar justifying the Kidnapping scene in Bha Bha Ba movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more