| Thursday, 1st October 2026, 1:33 pm

ഫഹദ് നീയൊരു പാമ്പാണ്, എനിക്ക് ഇത് ഓഫ് ചെയ്യണമെന്നുണ്ട്, പക്ഷേ പറ്റുന്നില്ല; ജോജി കണ്ട് രാജമൗലി സാര്‍ മെസ്സേജ് അയച്ചു

ആര്യ.പി

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അഭിനേതാക്കളിലൊരാളായ ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകന്‍ എസ്.എസ്. രാജമൗലി.

ഫഹദിന്റെ അഭിനയരീതിയെ അടുത്തറിയാനും ഒരു കഥാപാത്രത്തെ അദ്ദേഹം എങ്ങനെയാണ് തന്റെ പ്രകടനത്തിലേക്ക് കൊണ്ടുവരുന്നതെന്ന് പഠിക്കാനും ആഗ്രഹമുണ്ടെന്നായിരുന്നു രാജമൗലി പറഞ്ഞത്. മലയാള സിനിമയെക്കുറിച്ചും തന്നെ അതിശയിപ്പിച്ച അഭിനേതാക്കളെക്കുറിച്ചും സംസാരിക്കുകയായിരുന്നു രാജമൗലി.

ഫഹദ് ഫാസിലിന്റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ടെന്നും അതില്‍ ‘ട്രാന്‍സ്’ ആണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഫഹദിന്റെ മിക്കവാറും സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ട്രാന്‍സ് എന്റെ ഓള്‍ ടൈം ഫേവറൈറ്റാണ്. തീര്‍ച്ചയായും ആവേശവും എനിക്ക് ഇഷ്ടമാണ്. അയാളെ വെറുക്കാന്‍ എനിക്കിഷ്ടമാണെന്ന് ഞാന്‍ ഫഹദിനോട് തന്നെ പറഞ്ഞിരുന്നു,’ രാജമൗലി പറഞ്ഞു.

ഇതോടെ ‘ജോജി’ സിനിമയുമായി ബന്ധപ്പെട്ടൊരു അനുഭവം ഫഹദും അഭിമുഖത്തില്‍ പങ്കുവെച്ചു. ‘ജോജി’ കണ്ടതിന് ശേഷം രാജമൗലി സാര്‍ തനിക്ക് മെസ്സേജ് അയച്ചിരുന്നെന്നാണ് ഫഹദ് പറഞ്ഞത്. ‘നീ ഒരു പാമ്പിനെ പോലെയാണ്. എനിക്ക് ഈ ടിവി ഓഫ് ചെയ്യണമെന്നുണ്ട്. പക്ഷേ അതിന് പറ്റുന്നില്ല,’ എന്നായിരുന്നു ആ മെസ്സേജ്,’ ഫഹദ് പറഞ്ഞു.

ഫഹദിനെ താങ്കളുടെ സിനിമയില്‍ എപ്പോള്‍ കാണാന്‍ കഴിയുമെന്ന ചോദ്യത്തിനും രാജമൗലി മറുപടി നല്‍കി. അതിനായി താന്‍ കാത്തിരിക്കുകയാണെന്നും ഒരു കഥാപാത്രത്തെ ഫഹദ് എങ്ങനെയാണ് അഭിനയത്തിലേക്ക് കൊണ്ടുവരുന്നതെന്ന് പഠിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നുമായിരുന്നു രാജമൗലി പറഞ്ഞത്.

‘ഞാനും അതിന് കാത്തിരിക്കുകയാണ്. ഒരു കഥാപാത്രത്തെ അദ്ദേഹം എങ്ങനെ അഭിനയത്തിലേക്ക് കൊണ്ടുവരുമെന്നത് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാന്‍ ഉറപ്പായും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യും’ രാജമൗലി പറഞ്ഞു.

മലയാള സിനിമയുടെ ഏറ്റവും വലിയ ഗുണമായി താന്‍ കാണുന്നത് അഭിനയവും എഴുത്തുമാണെന്നും രാജമൗലി പറഞ്ഞു. ചെറിയ സിനിമകളായാലും വലിയ സിനിമകളായാലും, സാമൂഹിക പ്രസക്തിയുള്ള സിനിമകളായാലും പ്രണയചിത്രങ്ങളായാലും ആക്ഷന്‍-ത്രില്ലറുകളായാലും മലയാള സിനിമ തന്നെ നിരന്തരം അത്ഭുതപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Fahadh, you are like a serpent. I want to turn this off, but I can’t”: Rajamouli messaged after watching Joji.

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more