| Sunday, 24th August 2025, 9:04 am

മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ പ്രചോദനം ആ നടന്‍; അദ്ദേഹമെന്റെ അടുത്ത സുഹൃത്ത്: മഹേഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഡിറ്റര്‍ ആയി കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായി മാറിയ സംവിധായകനാണ് മഹേഷ് നാരായണന്‍. ഒപ്പം സിനിമ നിര്‍മാണത്തിലും കൈ വെച്ചിട്ടുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഇപ്പോള്‍ ഫഹദിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘സൗഹൃദങ്ങള്‍ എപ്പോഴും സിനിമയുടെ വളര്‍ച്ചക്ക് നല്ലതാണ്. പരീക്ഷണങ്ങള്‍ നടത്താന്‍ സുഹൃത്തുക്കള്‍ നമ്മളെ പ്രോത്സാഹിപ്പിക്കും. സീ യു സൂണ്‍ ചെയ്യാന്‍ ഫഹദ്, അറിയിപ്പിന്റെ സമയത്ത് ചാക്കോച്ചന്‍ ഇവരൊക്കെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

നിങ്ങള്‍ ഇങ്ങനെയൊരു കഥ ആലോചിക്ക് എന്നൊക്കെ പറഞ്ഞ് പിന്നില്‍നിന്ന് പ്രോത്സാഹിപ്പിക്കാന്‍ സുഹൃത്തുക്കളുള്ളത് ഒരുപാട് ഗുണം ചെയ്യാറുണ്ട്. ഇപ്പോള്‍ ചെയ്യുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമയുടെ പിന്നിലും അത്തരമൊരു പ്രോത്സാഹനമുണ്ട്,’ മഹേഷ് നാരായണന്‍ പറഞ്ഞു.

അത് ഫഹദാണെന്നും ഫഹദാണ് ഈ സിനിമ ചെയ്യാന്‍ പ്രചോദനം തന്നതെന്നും മഹേഷ് നാരായണന്‍ പറയുന്നു. മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ മനസില്‍ കണ്ടല്ല സിനിമ പ്ലാന്‍ ചെയ്തതെന്നും എന്നാല്‍ കഥയറിഞ്ഞപ്പോള്‍ ഫഹദാണ് മമ്മൂട്ടിയോട് പറയാന്‍ നിര്‍ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓരോ സിനിമയില്‍ വര്‍ക്കുചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മുടെ ഒരു ചിത്രം ചെയ്ത നിര്‍മാതാവ് അടുത്ത ചിത്രത്തിനും നമുക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്നത് വലിയ കാര്യമാണല്ലോ,’ മഹേഷ് നാരായണന്‍ പറയുന്നു.

ഒപ്പം ഫഹദുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘സുഹൃത്തുകൂടി ആയതിനാല്‍ ഫഹദിന് എന്റെ ഐഡിയാസ് വേഗം മനസിലാവും. അദ്ദേഹം പറയുന്നത് എനിക്കും വേഗം പിടികിട്ടും. എന്റെ മനസിലുള്ള കഥകളെല്ലാം തന്നെ അദ്ദേഹത്തിനറിയാം. ആ ഒരു കണക്ഷന്‍ ഞങ്ങള്‍ തമ്മിലുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കളെക്കുറിച്ചും അദ്ദേഹം പറയുന്നു,

‘ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കള്‍ എന്നും സ്വാധീനിച്ചവരാണ്. അവരാണ് എക്കാലത്തെയും സുഹൃത്തുക്കളും പിന്തുണയും. എഡിറ്ററായി തുടങ്ങിയതുകൊണ്ട് ഒരുപാട് സംവിധായകര്‍ക്കൊപ്പവും എഴുത്തുകാര്‍ക്കൊപ്പവും വര്‍ക്കുചെയ്യാന്‍ പറ്റി. ഒരു സംശയം വന്നാല്‍ കണ്ണുമടച്ച് അവരെയൊക്കെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യകരമായ സംവാദങ്ങളിലൂടെ സിനിമ രൂപപ്പെടുന്നത് ഞാന്‍ കണ്ടത് ഈ സംവിധായകരുടെ അടുത്തുനിന്നാണ്,’ മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Fahadh inspired to do Mammootty-Mohanlal film

We use cookies to give you the best possible experience. Learn more