സിനിമക്കുള്ള കഥയുമായി തന്നെ സമീപിക്കുന്നവരോട് താന്‍ കൃത്യമായി മറുപടി പറയാറുണ്ടെന്ന് പറയുകയാണ് നടന്‍ ഫഹദ് ഫാസില്‍. താന്‍ ഒരു സിനിമ ചെയ്താല്‍ ശരിയാവില്ലെന്നുണ്ടെങ്കില്‍ കൃത്യമായി പറയുമെന്നും അദ്ദേഹം പറഞ്ഞു.
‘സീനിയേഴ്‌സായ ആളുകളുമായി സംസാരിക്കുമ്പോഴും അങ്ങനെ തന്നെയാണ്. പിന്നെ അവരുമായി സംസാരിക്കുമ്പോള്‍ ഞാന്‍ എന്റെ ആഗ്രഹം പറയും. സത്യേട്ടനെ (സത്യന്‍ അന്തിക്കാട്) കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് ‘എനിക്ക് ടി.പി ബാലഗോപാലന്‍ എം.എ പോലെയുള്ള സിനിമ ചെയ്യണം’ എന്നാണ്.
പ്രിയേട്ടനെ (പ്രിയദര്‍ശന്‍) കണ്ടപ്പോള്‍ ചെപ്പ് പോലെയുള്ള സിനിമ വേണമെന്നാണ് പറഞ്ഞത്. സീനിയേഴ്‌സായ ആളുകളെ കാണുമ്പോള്‍ അവരുടെ സിനിമകളാണ് മനസില്‍ വരിക. ഞാന്‍ എപ്പോഴും ആ രീതിയിലാണ് അവരെ അപ്രോച്ച് ചെയ്യാറുള്ളത്,’ ഫഹദ് ഫാസില്‍ പറയുന്നു.
‘ഞാന്‍ ഈയടുത്ത് ബ്ലെസി സാറിനെ കണ്ടപ്പോഴും ഇതേ ചോദ്യം ചോദിച്ചിരുന്നു. ‘തന്മാത്ര പോലെയുള്ള സിനിമ ചെയ്തുകൂടേ’ എന്നാണ് ചോദിച്ചത്. ഓരോ സംവിധായകരുടെ കൂടെയും നമുക്ക് അസോസിയേറ്റ് ചെയ്യാന്‍ ആഗ്രഹമുള്ള ചില സിനിമകളുണ്ടാകില്ലേ,’ ഫഹദ് ഫാസില്‍ പറഞ്ഞു.
താന്‍ എപ്പോഴും സംവിധായകരോട് ‘എന്നെ കൊണ്ട് എന്തെങ്കിലും പുതുതായി ചെയ്യിപ്പിക്കൂ’ എന്നാണ് പറയാറുള്ളതെന്നും ഫഹദ് അഭിമുഖത്തില്‍ പറയുന്നു. തനിക്ക് ഇങ്ങനെയൊക്കെയേ ചെയ്യാന്‍ പറ്റുള്ളൂവെന്നും നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വെച്ച് അത് പുതിയതാക്കാന്‍ ശ്രമിക്കാമെന്നുമാണ് താന്‍ പറയാറുള്ളതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
അതല്ലാതെ എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റിയ ആളല്ല താനെന്നും ഫഹദ് പറയുന്നു. തനിക്ക് ഒരുപാട് ലിമിറ്റേഷനുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ അടുത്തേക്ക് വരുന്ന ആളുകള്‍ വഴി നമ്മള്‍ കറക്ടാകുകയാണെന്നും അല്ലാതെ തനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഫഹദ് ഫാസില്‍ പറയുന്നു.
Content Highlight: Fahadh Faasil Talks About Directors