| Monday, 4th August 2025, 11:13 am

കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് രജിനി സാറിന്റെ ആ സിനിമ ഇറങ്ങിയത്, ക്ലാസ് കട്ട് ചെയ്ത് പോയി കണ്ടു: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് പുറത്തും വലിയ രീതിയില്‍ ഫാന്‍ ഫോളോയിങ്ങുള്ള നടനാണ് ഫഹദ് ഫാസില്‍. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടനെ കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ ഫഹദിന് സാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗം തീരെയില്ലാത്ത താരം മാധ്യമങ്ങള്‍ക്ക് മുന്നിലും അധികം പ്രത്യക്ഷപ്പെടാറില്ല. ജീവിതത്തില്‍ ആദ്യമായി തിയേറ്ററില്‍ നിന്ന് കണ്ട തമിഴ് സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്താണ് ആദ്യമായി ഒരു തമിഴ് സിനിമ തിയേറ്ററില്‍ നിന്ന് കണ്ടതെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ഊട്ടിയിലെ സ്‌കൂള്‍ കാലത്ത് പുറംലോകവുമായി അധികം ബന്ധമുണ്ടാകാറില്ലെന്നും എന്നിരുന്നാലും നല്ല സിനിമകളെക്കുറിച്ച് ഇടക്കൊക്കെ കേള്‍ക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും ഹോസ്റ്റലില്‍ താമസിക്കുന്ന ഞങ്ങള്‍ അറിയില്ലായിരുന്നു. പക്ഷേ, ഏതൊക്കെ സിനിമ റിലീസായി, എന്താണ് അതിന്റെ അഭിപ്രായം എന്നൊക്കെ ബാക്കിയുള്ളവര്‍ പറഞ്ഞ് ഞങ്ങള്‍ അറിയും. അങ്ങനെയാണ് ബാഷ എന്ന സിനിമ റിലീസായത് അറിഞ്ഞത്. എല്ലാവരും സംസാരിക്കുന്നത് ആ ഒരു സിനിമയെക്കുറിച്ച് മാത്രമായിരുന്നു.

എന്റെ കൂട്ടുകരെല്ലാവരും തമിഴ്‌നാട്ടിലുള്ളവരാണ്. അങ്ങനെ അവരുടെ കൂടെപ്പോയി സിനിമ കാണാമെന്ന് തീരുമാനിച്ചു. അതിന് സ്‌കൂള്‍ കട്ട് ചെയ്യാതെ വേറെ വഴിയില്ല. റിസ്‌ക് എടുത്തിട്ട് തന്നെ ഞങ്ങള്‍ എല്ലാവരും പോയി കണ്ടു. ആദ്യമായിട്ടാണ് ഒരു തമിഴ് സിനിമ തിയേറ്ററില്‍ പോയി കണ്ടത്. അതും രജിനി സാറിന്റെ സിനിമ. മറക്കാന്‍ കഴിയാത്ത എക്‌സ്പീരിയന്‍സായിരുന്നു,’ ഫഹദ് ഫാസില്‍ പറയുന്നു.

രജിനികാന്ത് എന്ന സൂപ്പര്‍സ്റ്റാറിനെ അതുപോലെ തന്നെ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞ സിനിമയാണ് ബാഷയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരേസമയം ഇമോഷണല്‍ കണക്ഷനും അതിനൊപ്പം ആവേശവും സമ്മാനിച്ച ചുരുക്കം സിനിമകളില്‍ ഒന്നായിരുന്നു അതെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം.

‘ആ സിനിമ ശ്രദ്ധിച്ചാല്‍ നമുക്ക് മനസിലാകും, രജിനി സാര്‍ അതില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അനിയത്തിക്ക് അഡ്മിഷനെടുക്കാന്‍ പോകുന്ന സീന്‍. അനിയത്തിയെ പുറത്ത് നിര്‍ത്തിയിട്ട് രജിനി സാര്‍ അകത്ത് കയറി സംസാരിക്കും. ‘അയ്യാ എന്‍ പേര് മാണിക്യം, എനക്ക് ഇന്നൊരു പേരിറുക്ക്’ എന്ന് പറഞ്ഞിട്ട് പിന്നെ കുറച്ച് നേരം നമ്മളൊന്നും കേള്‍ക്കുന്നില്ല.

പുറത്തിറങ്ങിയിട്ട് ‘അഡ്മിഷന്‍ കിട്ടി’ എന്ന് അനിയത്തിയോട് പറയും. ‘എങ്ങനെ കിട്ടി’ എന്ന ചോദ്യത്തിന് ‘സത്യം പറഞ്ഞു’ എന്നാണ് ആ കഥാപാത്രം മറുപടി നല്‍കിയത്. അതൊക്കെ വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil shares the theatre experience of Baasha movie

We use cookies to give you the best possible experience. Learn more