| Saturday, 30th August 2025, 1:17 pm

കഴിഞ്ഞ പടം എന്തുകൊണ്ട് ഓടിയില്ലെന്ന് സത്യേട്ടന്‍ മണി സാറോട് ചോദിച്ചു, അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ആദ്യ സിനിമയിലെ അഭിനയത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട ഫഹദ് തിരിച്ചുവരവില്‍ ഇന്ത്യന്‍ സിനിമയെ ഒട്ടാകെ ഞെട്ടിച്ചു. പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രശംസകളേറ്റുവാങ്ങുന്ന നടനാണ് ഇന്ന് ഫഹദ് ഫാസില്‍. ഓരോ സിനിമയിലും വ്യത്യസ്തമായ പ്രകടനങ്ങള്‍ കൊണ്ട് ഫഹദ് വിസ്മയിപ്പിക്കുകയാണ്.

സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. ഓരോ സിനിമ ചെയ്യുമ്പോഴും അത് എല്ലാവര്‍ക്കും വര്‍ക്കാകുമെന്ന കോണ്‍ഫിഡന്‍സ് തനിക്കുണ്ടാകുമെന്ന് ഫഹദ് പറഞ്ഞു. എന്നാല്‍ അത് തന്നെപ്പോലെ പ്രേക്ഷകര്‍ക്കും വര്‍ക്കാകണമെന്നും അത് കുറച്ച് പ്രയാസമുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ ഒരു പടം വര്‍ക്കായില്ലെങ്കില്‍ അത് എന്തുകൊണ്ട് വര്‍ക്കായില്ല എന്ന കാര്യത്തില്‍ നമ്മള്‍ ഒരുപാട് ചിന്തിക്കും. പക്ഷേ, അത് ഹിറ്റാകുന്നത് യുണീക്കായിട്ടുള്ള ഒരു പ്രൊസസ്സാണ്. നമ്മളിപ്പോള്‍ ഒരു സുഹൃത്തിന്റെ കൂടെ ഡ്രസ്സെടുക്കാന്‍ പോകുമ്പോള്‍ രണ്ടുപേരുടെയും ഇഷ്ടങ്ങള്‍ വെവ്വേറയാണ്. അതുപോലെ തന്നെയാണ് ഒരു സിനിമയുടെ കാര്യവും.

സത്യേട്ടന്‍ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. സമൂഹം എന്ന പടത്തിന്റെ ഷൂട്ട് നടക്കുകയാണ്. അതില്‍ സുഹാസിനിയാണ് നായിക. ആ സമയത്ത് സെറ്റിലേക്ക് മണിരത്‌നം സാര്‍ വന്നിരുന്നു. മണി സാര്‍ തൊട്ടുമുമ്പ് ചെയ്ത പടം അത്രക്ക് വര്‍ക്കായില്ല. ‘ആ പടം എന്തുകൊണ്ട് ഓടിയില്ല’ എന്ന് സത്യേട്ടന്‍ ചോദിച്ചു. ‘എന്തുകൊണ്ട് ഓടിയില്ലെന്നറിയാമായിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യുമോ’ എന്നായിരുന്നു മണി സാര്‍ പറഞ്ഞത്. ഇതൊന്നും നമ്മുടെ കൈയിലല്ല,’ ഫഹദ് പറഞ്ഞു.

തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ആവേശത്തിന് ആദ്യദിനം വന്ന റിവ്യൂ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് പലരും പറഞ്ഞെന്നും താന്‍ അത് കേട്ട് ഞെട്ടിയെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ആ അഭിപ്രായം മാറിയെന്നും സിനിമ ക്ലിക്കായെന്നും താരം പറഞ്ഞു.

‘സെക്കന്‍ഡ് ഹാഫ് ലാഗാണെന്നുള്ള തരത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, രണ്ടാമത്തെ ദിവസം അത് മാറി. സത്യം പറഞ്ഞാല്‍ ഒരു സിനിമയുടെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് കിട്ടാന്‍ മിനിമം ഫസ്റ്റ് വീക്കെന്‍ഡെങ്കിലും കഴിയണം. ചില സിനിമകളുടെ റിപ്പോര്‍ട്ട് മൊത്തത്തില്‍ മാറും. അതാണ് സിനിമയുടെ മാജിക്,’ ഫഹദ് ഫാസില്‍ പറയുന്നു.

Content Highlight: Fahadh Faasil shares the conversation between Maniratnam and Sathyan Anthikkad

We use cookies to give you the best possible experience. Learn more