| Wednesday, 30th September 2026, 2:16 pm

ആവേശത്തിൽ ഞാൻ അണിഞ്ഞ ഗോൾഡ് നസ്രിയയുടേതാണ്, അതുകൊണ്ട് തന്നെ അവൾക്ക് ആ ലുക്ക് ഭയങ്കര ഇഷ്ടമാണ്; ഫഹദ് ഫാസിൽ

അജ്മല്‍ കെ

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് ഫഹദ് ഫാസിൽ. തുടക്കകാലത്ത് വിമർശനങ്ങൾ നേരിട്ടെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവിലൂടെ തന്റെ കഴിവ് തെളിയിച്ച താരം, ഇന്ന് മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയ സാന്നിധ്യമാണ്.

ഇപ്പോഴിതാ കമൽ ഹാസനുമായുള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിൽ നിന്ന് ലഭിച്ച സഹായത്തെക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ ഫഹദ് ഫാസിൽ. ‘മാലിക്’ സിനിമയിലെ കടലിലെ ഒരു സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ നേരിട്ട ബുദ്ധിമുട്ടിൽ നിന്ന് കമൽ ഹാസൻ നൽകിയ നിർദേശങ്ങൽളും ഫഹദ് പങ്കുവെച്ചു.

‘മാലിക്കിൽ നമ്മൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ കടലിലെ ഒരു സീക്വൻസ് എടുക്കണമായിരുന്നു. എത്ര പരിശ്രമിച്ചിട്ടും അത് ശരിയാവുന്നില്ല. അപ്പോഴാണ് ‘നായകൻ’ സിനിമയിൽ കമൽ സാർ എങ്ങനെയാണ് ആ ഷോട്ട് എടുത്തിട്ടുണ്ടാകുക എന്ന് ചിന്തിച്ചത്. അപ്പോൾ തന്നെ നമ്മൾ കമൽ സാറിനെ വിളിച്ച് ചോദിച്ചു,’ ഫഹദ് പറഞ്ഞു.

തുടർന്ന് എങ്ങനെയാണ് രംഗം ചിത്രീകരിക്കേണ്ടതെന്ന് കമൽ ഹാസൻ കൃത്യമായി പറഞ്ഞുതന്നെന്നും ഫഹദ് വ്യക്തമാക്കി.

‘സാർ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതന്നു. ആ ബോർഡ് അങ്ങോട്ട് വെക്കണം, ക്യാമറ ഇങ്ങനെ വെക്കണം എന്നൊക്കെ പറഞ്ഞുതന്ന് നമ്മളെ ഹെൽപ്പ് ചെയ്തു,’ ഫഹദ് പറഞ്ഞു.

കമൽ ഹാസനുമായി സമയം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള മറ്റൊരു അനുഭവവും ഫഹദ് പങ്കുവെച്ചു. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴിൽ ലോഞ്ച് ചെയ്യാനായി എത്തിയപ്പോഴാണ് കമൽ ഹാസനെ വീണ്ടും കണ്ടതെന്നും ഫഹദ് വ്യക്തമാക്കി.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ് തമിഴിൽ ലോഞ്ച് ചെയ്യാൻ വന്നപ്പോഴായിരുന്നു കമൽ സാറിനെ കണ്ടത്. ഇവിടെ വന്നപ്പോൾ സാർ ട്രെയിലർ ഇറങ്ങിയിട്ടുണ്ട്, കാണിക്കണമെന്നുണ്ട് എന്ന് പറഞ്ഞു. അപ്പോൾ സാർ എല്ലാവരെയും വിളിച്ചു. എനിക്ക് തോന്നുന്നു മൂന്ന് മണിക്കൂറോളം നമ്മൾ കമൽ സാറിന്റെ കൂടെ ചെലവഴിച്ചു,’ ഫഹദ് പറഞ്ഞു.

കമൽ ഹാസനെ കാണാൻ പോകുമ്പോഴെല്ലാം മണിക്കൂറുകളോളം സംസാരിക്കാറുണ്ടെന്നും ഫഹദ് കൂട്ടിച്ചേർത്തു. ‘കമൽ സാറിനെ എപ്പോൾ കാണാൻ പോയാലും മൂന്ന് നാല് മണിക്കൂർ സംസാരിച്ചിരിക്കും,’ ഫഹദ് പറഞ്ഞു.

അതേസമയം, ‘ആവേശം’ സിനിമയിലെ പോസ്റ്ററിലെ തന്റെ ലുക്കിനെക്കുറിച്ചും ഫഹദ് രസകരമായൊരു കാര്യം പങ്കുവെച്ചു. ആവേശം സിനിമയിലെ രംഗണ്ണന്റെ പോസ്റ്റർ കാണിച്ചുകൊണ്ടുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു താരം മറുപടി നൽകിയത്.

ആവേശം,ഫഹദ് ഫാസിൽ. Photo. Instagram. IMDb.

‘ആവേശം സിനിമയുടെ പോസ്റ്ററിൽ ഉള്ള വെള്ളയും വെള്ളയും ഡ്രെസ്സും ഗോൾഡുമാണത്. നസ്രിയയുടെ ഗോൾഡാണത് എല്ലാം. അവൾക്ക് ഈ ലുക്ക് ഭയങ്കര ഇഷ്ടമാണ്. കാരണം ഞാൻ ഇട്ടിരിക്കുന്നത് അവളുടെ ഗോൾഡാണ്. ചിത്രത്തിൽ പ്രധാന റോൾ തന്നെയാണ് അംമ്പാൻ ചെയ്തിരിക്കുന്നത്. എന്റെ ജീവിതത്തിൽ ഒരു അംമ്പാൻ ഇല്ല. പക്ഷേ എന്റെ ഭാര്യക്ക് ഞാനാണ് അംമ്പാൻ,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil shares an interesting experience from ‘Aavesham’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more