മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത നടനാണ് ഫഹദ് ഫാസില്‍. ആദ്യചിത്രമായ കൈയെത്തും ദൂരത്തിലെ പ്രകടനത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലേറ്റുവാങ്ങപ്പെട്ട ഫഹദ് തിരിച്ചുവരവില്‍ ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയില്‍ അതിവേഗം നടന്നുകയറുകയായിരുന്നു.
ഈയടുത്ത് കണ്ടവയില്‍ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. ഹോളിവുഡ് ചിത്രം F1 താന്‍ കണ്ടെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ഒരുപാട് എന്‍ജോയ് ചെയ്താണ് താന്‍ ആ ചിത്രം കണ്ടതെന്നും താരം പറയുന്നു. ഹോളിവുഡ് ചിത്രമെന്നതിലുപരി ഒരു ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ സിനിമയുടെ ഫ്‌ളേവറാണ് F1നുള്ളതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
‘റഷ് എന്ന സിനിമയുടെ അത്രയില്ലെങ്കിലും F1 എനിക്കിഷ്ടപ്പെട്ടു. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മികച്ചതായിരുന്നു. ഹാന്‍സ് സിമ്മര്‍ അതില്‍ നല്ല രീതിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു ഹോളിവുഡ് ചിത്രം കാണുന്ന പ്രതീതി ഒരിടത്തും തോന്നിയില്ല. ഇന്ത്യയിലെ ഒരു സാധാരണ കൊമേഴ്‌സ്യല്‍ സിനിമയുടെ ഫ്‌ളേവറാണ് ആ സിനിമക്കുള്ളത്. രാമായണ എന്ന സിനിമയില്‍ സിമ്മര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നറിയാന്‍ വെയ്റ്റിങ്ങാണ്,’ ഫഹദ് പറഞ്ഞു.
ഈയടുത്ത് റിലീസായതില്‍ മികച്ച അഭിപ്രായം ലഭിച്ചിട്ടും സിതാരേ സമീന്‍ പര്‍ തനിക്ക് കാണാന്‍ സാധിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനൊപ്പമുള്ള അനുഭവവും താരം പങ്കുവെച്ചു. താന്‍ ആദ്യമായി റഹ്‌മാനെ കണ്ടപ്പോള്‍ ഒരുപാട് നേരം പാട്ടുകളെക്കുറിച്ച് സംസാരിച്ചെന്നും ആ സമയത്ത് ഹാന്‍സ് സിമ്മറിനെക്കുറിച്ച് താന്‍ സംസാരിച്ചെന്നും ഫഹദ് പറഞ്ഞു.
‘ഹാന്‍സ് സിമ്മറോട് സംസാരിക്കണോ’ എന്ന് റഹ്‌മാന്‍ സാര്‍ എന്നോട് ചോദിച്ചു. പേടി കാരണം വേണ്ടെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് റഹ്‌മാന്‍ സാറിന്റെ പാട്ടുകളെല്ലാം ഇഷ്ടമാണ്. അതില്‍ തന്നെ തിരുടാ തിരുടായിലെയും താലിലെയും പാട്ടുകള്‍ ഒരുപാട് സ്‌പെഷ്യലാണ്. ഞാന്‍ ഇടക്കിടക്ക് അതെല്ലാം കേള്‍ക്കാറുണ്ട്,’ ഫഹദ് ഫാസില്‍ പറയുന്നു.
ഫഹദ് പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാരീസന്‍. ചിത്രത്തില്‍ ഫഹദിനൊപ്പം തമിഴ് താരം വടിവേലുവും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അല്‍ഷിമേഴ്‌സ് രോഗിയായ വേലായുധം പിള്ളൈ എന്നയാളുടെ കൈയില്‍ നിന്ന് പണം മോഷ്ടിക്കാന്‍ വേണ്ടി ശ്രമിക്കുന്ന ദയാലന്‍ എന്ന കള്ളനായാണ് ഫഹദ് വേഷമിടുന്നത്. മികച്ച പ്രതികരണമാണ് മാരീസന് ലഭിക്കുന്നത്.
Content Highlight: Fahadh Faasil saying he enjoyed F1 movie