| Saturday, 26th July 2025, 3:56 pm

കള്ളനായി അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചു കാണിക്കുന്ന ഫഫ

അമര്‍നാഥ് എം.

ഒരു നടന്റെ ഏറ്റവും വലിയ ഗുണം കഥാപാത്രമായി പെര്‍ഫോം ചെയ്യുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വിശ്വസനീയമായി അവതരിപ്പിക്കുക എന്നതാണ്. ഇയാള്‍ ശരിക്കും ഇങ്ങനെയാണോ എന്ന് ചിന്തിപ്പിക്കുന്നിടത്താണ് അഭിനേതാവിന്റെ വിജയം. അത്തരത്തില്‍ കഥാപാത്രമായി അതിവേഗം കൂടുമാറ്റം നടത്തുന്ന ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍.

ആദ്യസിനിമയില്‍ അഭിനയം പോരെന്ന് കേട്ട വിമര്‍ശനങ്ങളെയെല്ലാം രണ്ടാംവരവില്‍ കാറ്റില്‍ പറത്താന്‍ ഫഹദിന് സാധിച്ചു. ഓരോ സിനിമയിലും ഒന്നിനൊന്ന് വ്യത്യസ്തമായ പ്രകടനങ്ങള്‍ കൊണ്ട് ഫഹദ് വിസ്മയിപ്പിച്ചു. മികച്ച നടന്‍, രണ്ടാമത്തെ നടന്‍, സഹനടന്‍, എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന അവാര്‍ഡും മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും തന്റെ ഷെല്‍ഫില്‍ എത്തിച്ചത് അതിനെല്ലാം ഉദാഹരണമാണ്.

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അതിമനോഹരമായി പകര്‍ന്നാടാന്‍ ഫഹദിനുള്ള കഴിവ് അഭിനന്ദിക്കേണ്ടതാണ്. കള്ളന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ അയാളുടെ അഭിനയപാടവം ഏറെ ഉയരത്തിലാണ്. നോട്ടത്തിലും നടത്തത്തിലും കള്ളന്റെ എല്ലാ അംഗവിക്ഷേപങ്ങളും പകര്‍ന്നാടുന്ന ഫഹദിന്റെ പ്രകടനം കാണുമ്പോള്‍ ‘സിനിമയില്ലാത്ത സമയത്ത് ഇയാള്‍ മോഷ്ടിക്കാന്‍ പോകാറുണ്ടോ’ എന്ന് ചിന്തിച്ചാല്‍ തെറ്റില്ല. ഫഹദ് ഞെട്ടിച്ച കള്ളന്‍ വേഷങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ദിലീഷ് പോത്തന്റെ രണ്ടാമത്തെ സംവിധാനസംരംഭം. മലയാളത്തിലെ റിയലിസ്റ്റിക് പൊലീസ് സിനിമകളിലൊന്നായി ഈ സിനിമയെ കണക്കാക്കാം. ഒരു മാല മോഷ്ടിക്കുന്ന കള്ളന്റെ പിന്നാലെ ഓടുന്ന പൊലീസും മാലയുടെ ഉടമയുമാണ് സിനിമയുടെ കഥ. കള്ളന്‍ പ്രസാദിനെ സിനിമയില്‍ ആദ്യം കാണിക്കുന്നതുമുതല്‍ ഫഹദ് ആ കഥാപാത്രമായി മാറിയിരുന്നു.

പിടിക്കപ്പെടുന്നതിന്റെ തൊട്ടുമുമ്പ് വരെ കോണ്‍ഫിഡന്റായി നില്‍ക്കുന്ന പ്രസാദ് ഫഹദിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. മാല മോഷ്ടിക്കേണ്ടത് എങ്ങനെയാണെന്ന് ലോക്കപ്പില്‍ കൂടെയുള്ള കള്ളനോട് പറയുന്ന രംഗം അതിമനോഹരമാണ്. എങ്ങനെയാണ് കള്ളനായതെന്നും അതിനുള്ള കാരണവും പറയാതെ പറയുന്ന ഒരു സീനും സിനിമയിലുണ്ട്. ‘ഈ പ്രായത്തില്‍ നല്ല വിശപ്പായിരിക്കും സാറേ’ എന്ന ഡയലോഗ് അത്ര പെട്ടെന്ന് പ്രേക്ഷകരുടെ മനസില്‍ നിന്ന് പോകില്ല.

വേട്ടൈയന്‍

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം ഫഹദ് കട്ടക്ക് പിടിച്ച് നിന്ന സിനിമ. നായകനായ ആദിയന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന പാട്രിക് എന്ന കള്ളനായി ഫഹദ് കൈയടി നേടി. ഇന്‍ട്രോ സീന്‍ മുതല്‍ എല്ലാ സീനിലും ഫഫയുടെ ഡൊമിനേഷന്‍ തന്നെയായിരുന്നു. ട്രിക്കിയായിട്ടുള്ള പാട്രിക് ചില സീനില്‍ നായകനെക്കാള്‍ മുകളില്‍ സ്‌കോര്‍ ചെയ്‌തെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.

സൈബര്‍ ക്രൈമുകള്‍ അതിവിദഗ്ധമായി ചെയ്യുന്ന കള്ളന്‍ വേഷം ഫഫയില്‍ ഭദ്രമായിരുന്നു. കഥ കേട്ടപ്പോള്‍ ചോദിച്ച് വാങ്ങിയ വേഷമാണ് അതെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ ഫഹദ് പറഞ്ഞിരുന്നു. തനിക്ക് മാക്‌സിമം സ്‌കോര്‍ ചെയ്യാന്‍ സ്‌കോപ്പുള്ള വേഷം ചോദിച്ചുവാങ്ങിയപ്പോള്‍ മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് കാണാന്‍ സാധിച്ചത്.

മാരീസന്‍

വേട്ടൈയനിലെ പാട്രിക്കിനെപ്പോലെയുള്ള കള്ളനാണ് ഈ സിനിമയിലെ ദയാലനെന്ന് ആദ്യ സീനില്‍ തോന്നുമെങ്കിലും അതിന്റെ യാതൊരു ഷേഡും നല്‍കാതെയാണ് ഫഹദ് പെര്‍ഫോം ചെയ്തത്. ആള്‍ക്കാരെ പറ്റിക്കാന്‍ നല്ല കഴിവുള്ള ദയാലന്‍ ഫഹദിന്റെ മറ്റൊരു നല്ല വേഷമായിരുന്നു. തനിക്ക് ആവശ്യമുള്ള സാധനങ്ങള്‍ വളരെ മനോഹരമായി അടിച്ചുമാറ്റുന്ന ഗംഭീര കള്ളനാണ് ദയാലന്‍ എന്ന കഥാപാത്രം. തമിഴില്‍ വീണ്ടും കൈയടി നേടാന്‍ മാരീസനിലൂടെ ഫഹദിന് സാധിച്ചു.

കാര്‍ബണ്‍ എന്ന ചിത്രത്തിലെ സിബി കള്ളനല്ലെങ്കിലും അത്യാവശ്യം ഫ്രോഡ് പരിപാടികളുമായി നടക്കുന്ന കഥാപാത്രമാണ്. എങ്ങനെയെങ്കിലും കുറെ പൈസയുണ്ടാക്കാന്‍ വേണ്ടി ആരെ പറ്റിക്കാനും മടിയില്ലാത്ത കഥാപാത്രം ഇന്നും അണ്ടര്‍റേറ്റഡാണ്. ഈ സിനിമയും കഥാപാത്രവും ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുമ്പോഴും തന്റെ സ്റ്റാര്‍ഡത്തിന് മാത്രം ചേരുന്ന വേഷങ്ങള്‍ ചെയ്യാതെ തന്നിലെ ആക്ടര്‍ക്ക് വെല്ലുവിളിയാകുന്ന കഥകളാണ് ഫഹദ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. മറ്റ് നടന്മാരില്‍ നിന്ന് ഫഹദിനെ വ്യത്യസ്തമാക്കി നിര്‍ത്തുന്നതും ആ ഒരു കാര്യമാണ്.

Content Highlight: Fahadh Faasil’s performance in Maareesan and Vettaiyan movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more