ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. ആദ്യചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ട ഫഹദ് തിരിച്ചുവരവില്‍ സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചു. ഭാഷാതിര്‍ത്തികള്‍ കടന്ന് ഫഹദ് എന്ന നടന്‍ പലരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത താരം തെലുങ്കില്‍ നായകനാകുന്ന പുതിയ ചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ റിലീസിന് തയാറെടുക്കുകയാണ്. കോമഡി ഫാന്റസി ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച വരവേല്പായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ആദ്യഗാനം ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഫസ്റ്റ് സിംഗിള്‍ ലോഞ്ച് ഇവന്റില്‍ പലരുടെയും കൈയടി നേടിയത് ഫഹദ് ഫാസിലാണ്. ആദ്യഗാനത്തിന്റെ സ്‌ക്രീനിങ് സമയത്ത് അത്ഭുതത്തോടെ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്ന ഫഹദിന്റെ വീഡിയോ ഇതിനോടകം വൈറലായി. കണ്ണ് ചിമ്മാതെ പാട്ട് ആസ്വദിച്ചുകാണുന്ന ഫഹദിന്റെ ഈ ക്ലിപ്പ് ഇനിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
സിംഗിള്‍ ലോഞ്ചിന്റെ തൊട്ടുപിന്നാലെ വേദിയെ ഇളക്കിമറിക്കാനും താരത്തിന് സാധിച്ചു. ആവേശത്തിലെ ഹിറ്റ് ഗാനമായ ‘ഇല്ലുമിനാറ്റി’ക്ക് ഫഹദ് ചുവടുവെച്ചത് ഓരോരുത്തരെയും അത്ഭുതപ്പെടുത്തി. ഏറെക്കാലത്തിന് ശേഷം ഫഹദിനെ ഫുള്‍ എനര്‍ജിയില്‍ ഒരു സ്റ്റേജില്‍ കാണാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍.
സിനിമപ്രൊമോഷനുകളില്‍ അധികം പങ്കെടുക്കാത്ത നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. ആവേശത്തിന് ശേഷം ഫഹദ് വളരെയധികം എനര്‍ജിയോടെ പങ്കെടുക്കുന്ന പ്രൊമോഷന്‍ ഇവന്റുകള്‍ പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. തെലുങ്കില്‍ നായകനായി അരങ്ങേറുന്ന ആദ്യചിത്രം ഗംഭീരമാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.
രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ നിര്‍മിക്കുന്ന ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. ആവേശത്തിന് ശേഷം വലിയ വിജയമൊന്നുമില്ലാത്ത ഫഹദ് ഈ ചിത്രത്തിലൂടെ തിരിച്ചുവരുമെന്നാണ് കരുതുന്നത്. മജീഷ്യനായാണ് ഫഹദ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്. സെപ്റ്റംബര്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Fahadh Faasil’s new single launch event video viral in social media