| Friday, 11th July 2025, 3:44 pm

അല്‍ഷിമേഴ്‌സ് രോഗിയുടെ കൈയില്‍ നിന്ന് പൈസ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന കള്ളനായി ഫഹദ്, ഈ വരവ് കിടുക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലും തമിഴിലും തെലുങ്കിലും ഫഹദ് ഒരുപോലെ തിളങ്ങിയ വര്‍ഷമായിരുന്നു 2024. ആവേശത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫഹദ് വേട്ടൈയനില്‍ രജിനിക്കൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്തു. ആദ്യ ഭാഗത്തിലേത് പോലെ മികച്ചു നിന്നില്ലെങ്കിലും പുഷ്പ 2വിലും താരം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ഈ വര്‍ഷം പകുതിയായിട്ടും ഫഹദിന്റേതായി ഒരു സിനിമ പോലും തിയേറ്ററുകളിലെത്തിയിട്ടില്ല.

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന മാരീസനാണ് ഈ വര്‍ഷം ഫഹദിന്റെ ആദ്യ റിലീസ്. വടിവേലുവും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മാമന്നന് ശേഷം ഫഹദും വടിവേലും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സിനോപ്‌സിസ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ സുധീഷ് ശങ്കര്‍.

അല്‍ഷിമേഴ്‌സ് രോഗിയായ വേലായുധം പിള്ളൈ എന്ന കഥാപാത്രത്തെയാണ് വടിവേലു അവതരിപ്പിക്കുന്നതെന്ന് സുധീഷ് പറയുന്നു. ദയ എന്ന കള്ളനായി വേഷമിടുന്ന ഫഹദ് എ.ടി.എമ്മില്‍ വെച്ച് പൈസയെടുക്കുന്ന വടിവേലുവിനെ കാണുന്നതും അയാളുടെ കൂടെ കൂടുന്നതിലൂടെയുമാണ് കഥ വികസിക്കുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ആനന്ദ വികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേലായുധം പിള്ളൈ എന്ന അല്‍ഷിമേഴ്‌സ് രോഗിയായാണ് വടിവേലു സാര്‍ ഈ സിനിമയില്‍ വേഷമിടുന്നത്. ദയ എന്ന കള്ളനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വടിവേലു സാറിന്റെ ക്യാരക്ടര്‍ എ.ടി.എമ്മില്‍ നിന്ന് പൈസയെടുക്കുന്നത് കണ്ട ഫഹദ് അത് മോഷ്ടിക്കാനായി ശ്രമിക്കുന്നു. തിരുവണ്ണാമലൈയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് ഇവര്‍ നടത്തുന്ന യാത്രയാണ് പിന്നീട്.

ആ പൈസ മോഷ്ടിക്കുക എന്നതാണ് ഫഹദിന്റെ ലക്ഷ്യം. എന്നാല്‍ യാത്രക്കിടയില്‍ ഇവര്‍ കൂടുതല്‍ അടുക്കുന്നു. ഫഹദിന് ഈ പൈസ മോഷ്ടിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നതാണ് സിനിമയുടെ കഥ. ഫഹദ് അതിഗംഭീരമായി ഈ സിനിമയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. സ്‌ക്രിപ്റ്റില്‍ എഴുതിവെച്ചതിന് മേലെ പലപ്പോഴും അയാള്‍ പെര്‍ഫോം ചെയ്യും.

എന്നാലും ആ സീനുകള്‍ കണ്ട ശേഷം അത് കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ ഫഹദ് ശ്രമിക്കും. എത്ര ശ്രമിച്ചാലും അയാള്‍ക്ക് തൃപ്തിയാകാറില്ല. ഇത്രയും ടാലന്റുള്ള അയാള്‍ ഓരോ സീനിലും നമ്മളെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഇനിയും ഒരുപാട് ഉയരത്തില്‍ ഫഹദ് എത്തുമെന്ന് എനിക്ക് ഉറപ്പാണ്,’ സുധീഷ് ശങ്കര്‍ പറയുന്നു.

Content Highlight: Fahadh Faasil’s Mareesan movie synopsis out by director

We use cookies to give you the best possible experience. Learn more