| Monday, 9th February 2026, 7:15 am

അപ്പോ അതങ്ങ് ഉറപ്പായിട്ടുണ്ട്, മമ്മൂട്ടിക്കും മോഹന്‍ലാലിനും പേട്രിയറ്റില്‍ പണി കൊടുക്കുന്നത് ഫഹദ് തന്നെ

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നു എന്നതാണ് പേട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മാലിക്, അറിയിപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബിഗ് എംസിനൊപ്പം വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ സെന്‍സേഷനായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പേട്രിയറ്റില്‍ ശക്തമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്. വന്‍ താരനിര ഒന്നിക്കുന്ന ചിത്രത്തില്‍ തന്റെ വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ്. കഴിഞ്ഞദിവസം കൊച്ചിയില്‍ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെയാണ് താരം പേട്രിയറ്റിനെക്കുറിച്ച് സംസാരിച്ചത്.

‘അന്യഭാഷയിലും മലയാളത്തിലുമായി ഒരുപാട് സിനിമ ചെയ്യുന്നുണ്ട്. അതില്‍ അടുത്ത റിലീസ് പേട്രിയറ്റാണ്. മമ്മൂട്ടി സാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും കൂടെയുള്ള പടമാണ്. മുജ്ജന്മഭാഗ്യമാണ് അവരോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍. വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള കഥയാണ് ഈ സിനിമയുടേത്.

ഫഹദ് ഫാസില്‍ Photo: Online Malayali Events

ഈ വരുന്ന ഏപ്രില്‍ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എല്ലാവരും ഈ സിനിമ കാണണമെന്നാണ് റിക്വസ്റ്റ്. അന്യഭാഷയിലും മലയാളത്തിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത് ഞാന്‍ വര്‍ക്ക് ചെയ്യുന്ന സംവിധായകരുടെ പ്രത്യേകത കൊണ്ടാണ്. പേട്രിയറ്റില്‍ ഞാന്‍ വില്ലന്‍ വേഷമാണ് ചെയ്യുന്നത്,’ ഫഹദ് ഫാസില്‍ പറയുന്നു.

അടുത്തിടെ പേട്രിയറ്റിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയപ്പോള്‍ പലരും ഫഹദാകും വില്ലനെന്ന് അനുമാനിച്ചിരുന്നു. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ട്രെയ്‌ലറിലും ഫഹദിന്റേത് നെഗറ്റീവ് കഥാപാത്രമെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ രണ്ട് ആക്ടിങ് പവര്‍ഹൗസുകളുടെ വില്ലനായി ഫഹദ് തകര്‍ക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

മാസ് കൊമേഴ്‌സ്യല്‍ സബ്ജക്ട് എന്നതിനോടൊപ്പം ശക്തമായ രാഷ്ട്രീയവും ചിത്രം സംസാരിക്കുന്നുണ്ടെന്ന് സംവിധായകന്‍ അടുത്തിടെ അറിയിച്ചിരുന്നു. ഡിഫന്‍സ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ജെയിംസായി മമ്മൂട്ടി വേഷമിടുമ്പോള്‍ കേണല്‍ റഹീം നായിക് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് പേട്രിയറ്റിലെ നായിക.

ദര്‍ശന രാജേന്ദ്രന്‍, രാജീവ് മേനോന്‍, രേവതി, സനല്‍ അമന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. സുഷിന്‍ ശ്യാമാണ് പേട്രിയറ്റിന്റെ സംഗീതം. ശ്രീലങ്ക, ഹൈദരബാദ്, ന്യൂദല്‍ഹി, കൊച്ചി, ലണ്ടന്‍ എന്നിവിടങ്ങളിലായാണ് ചിത്രം പുരോഗമിച്ചത്.

Content Highlight: Fahadh Faasil reveals that he plays villain character in Patriot movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more