| Thursday, 21st August 2025, 1:02 pm

എന്നെക്കൊണ്ടും ഇങ്ങനെയൊക്കെ ചെയ്യാനാകുമെന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ് ആവേശം ചെയ്തത്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് ആവേശം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ ആവേശം 150 കോടിക്കുമുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. ബോക്‌സ് ഓഫീസ് വിജയത്തിന് പുറമെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആവേശം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇതുവരെ കാണാത്ത തരത്തില്‍ ലൗഡ് ആയിട്ടുള്ള കഥാപാത്രമായിരുന്നു ഫഹദ് അവതരിപ്പിച്ച രംഗണ്ണന്‍. സ്വല്പം കോമിക് ടച്ചുള്ള മാസ് ഹീറോയായാണ് ഫഹദിന്റെ രംഗണ്ണനെ അവതരിപ്പിച്ചത്. ഒന്ന് പാളിയാല്‍ ട്രോള്‍ മെറ്റീരിയലായേക്കാവുന്ന കഥാപാത്രം ഫഹദ് അനായാസം പകര്‍ന്നാടി. താരത്തിന്റൈ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു. ആവേശത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍.

കഥ കേട്ടപ്പോള്‍ തന്നെ സിനിമയില്‍ ഒരു ആഘോഷമുണ്ടെന്ന് മനസിലായെന്നും തിയേറ്ററിന് വേണ്ടി മാത്രം ഡിസൈന്‍ ചെയ്തതാണെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. മലയന്‍കുഞ്ഞ് എന്ന സിനിമ തിയേറ്റര്‍ റിലീസ് വേണോ അതോ ഒ.ടി.ടി റിലീസ് മതിയോ എന്ന് ചിന്തിച്ചിരുന്നെന്നും എന്നാല്‍ ആവേശത്തിന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ആവേശം തിയേറ്ററില്‍ തന്നെ ഇറക്കണമെന്ന് ആദ്യമേ തീരുമാനിച്ചതായിരുന്നു. ഫാമിലിയൊക്കെയായിട്ട് വന്ന് എന്‍ജോയ് ചെയ്ത് കാണാന്‍ പറ്റുന്ന ഒരു പടം എന്ന രീതിയിലാണ് ആവേശത്തെ അപ്പ്രോച്ച് ചെയ്തത്. മാസിന് വേണ്ടിയുള്ള സിനിമകള്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് കാണിക്കണമെന്നും ആവേശം ചെയ്യുമ്പോള്‍ മനസില്‍ ഉണ്ടായിരുന്നു.

അങ്ങനെ ഒരെണ്ണം ചെയ്തു. ഇന് ആവേശം പോലുള്ള സിനിമയൊക്കെ വളരെ റെയറായിട്ടാകും ചെയ്യുക. ഞാന്‍ എന്‍ജോയ് ചെയ്യുന്നൊരു പ്രോസസ്സല്ല അത്. ഞാന്‍ കേട്ട കഥയാണ് എപ്പോഴും ഷൂട്ട് ചെയ്യേണ്ടത്. അല്ലാതെ തിയേറ്ററില്‍ ഈ പടം വര്‍ക്കാകാന്‍ അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാമെന്ന ചിന്തയില്‍ ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല,’ ഫഹദ് പറഞ്ഞു.

ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പോയിട്ടില്ലെന്ന് ഫഹദ് പറഞ്ഞു. കേള്‍ക്കുന്ന കഥ ഷൂട്ട് ചെയ്യാനാണ് പലപ്പോഴും താന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു. ആവേശത്തിന്റെ ഷൂട്ട് തുടങ്ങി പത്ത് ദിവസം കഴിയുമ്പോഴാണ് ആ കഥാപാത്രത്തിന്റെ വലിപ്പം ജിത്തു മാധവന്‍ തിരിച്ചറിഞ്ഞതെന്നും അങ്ങനെയാണ് ആ സിനിമ വലുതായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോപ്പര്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി ഡിസൈന്‍ ചെയ്ത ചിത്രമാണ് ആവേശമെന്നും ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil explains why he did Aavesham movie

We use cookies to give you the best possible experience. Learn more