| Sunday, 10th May 2026, 9:57 am

ഫഹദ്, അക്ഷയ് ഖന്ന, അരവിന്ദ് സ്വാമി... സല്‍മാന്‍ ഖാന്റെ അടുത്ത വില്ലന്‍ ഇവരില്‍ ഒരാള്‍? വാരിസിന്റെ സംവിധായകന്‍ രണ്ടും കല്പിച്ച് തന്നെ

അമര്‍നാഥ് എം.

ബോളിവുഡിലെ പഴയ പ്രതാപത്തിന്റെ നിഴലില്‍ കഴിയുകയാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. ഒരുകാലത്ത് ഇന്‍ഡസ്ട്രിയിലെ മുടിചൂടാ മന്നനായിരുന്ന സല്‍മാന്‍ ഖാന്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വലിയ പ്രതീക്ഷയിലൊരുങ്ങിയ സിനിമകള്‍ പലതും ബോക്‌സ് ഓഫീസില്‍ പരാജയമായി മാറിയിരിക്കുകയാണ്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം അടുത്തിടെ അനൗണ്‍സ് ചെയ്തിരുന്നു. തെലുങ്ക് സംവിധായകന്‍ വംശി പാടിപ്പള്ളിയുമായാണ് സല്‍മാന്‍ ഖാന്‍ കൈകോര്‍ക്കുന്നത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാവായ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. വന്‍ ബജറ്റില്‍ ആക്ഷന്‍ എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമാപേജുകളില്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല.

ഇപ്പോഴിതാ ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് ഇന്ത്യന്‍ സിനിമയിലെ വമ്പന്മാരെ പരിഗണിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. മൂന്ന് ഭാഷകളിലെ മുന്‍നിര താരങ്ങളുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഫഹദ് ഫാസില്‍, അക്ഷയ് ഖന്ന, അരവിന്ദ് സ്വാമി എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ അക്ഷയ് ഖന്നയുടെയും ഫഹദിന്റെയും പേരുകള്‍ക്കാണ് മുന്‍തൂക്കം.

നിലവിലെ അവസ്ഥയില്‍ ഇരുവരും ഈ സിനിമക്ക് ഓക്കെ പറയാന്‍ സാധ്യതയില്ലെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. വന്‍ പ്രതീക്ഷയില്‍ കാത്തിരുന്ന പുഷ്പ 2ലെ വില്ലന്‍ വേഷം തിരിച്ചടിയായതിനാല്‍ ഫഹദ് അന്യഭാഷയില്‍ വില്ലനാകാനുള്ള സാധ്യത കുറവാണ്. അക്ഷയ് ഖന്നയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ധുരന്ധറിന്റെ ആദ്യഭാഗത്തില്‍ നായകനെക്കാള്‍ സ്‌കോര്‍ ചെയ്ത വില്ലനായിരുന്നു അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്‌മാന്‍ ദാക്കൈത്. ധുരന്ധറിന് ശേഷം റീച്ച് ഉയര്‍ന്ന അക്ഷയ് ഖന്ന ശ്രദ്ധയോടെ മാത്രമേ ഇനി പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കകയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു. ദൃശ്യം 3യുടെ ഹിന്ദി വേര്‍ഷനില്‍ നിന്ന് താരം പിന്മാറിയതും ഇക്കാരണം കൊണ്ടാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്ന അക്ഷയ് ഖന്നയും SVC63യുടെ ഭാഗമായേക്കില്ല.

തമിഴ് താരം അരവിന്ദ് സ്വാമിയുടെ പേരും വില്ലന്മാരുടെ ലിസ്റ്റില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അനൗണ്‍സ്‌മെന്റ് അധികം വൈകാതെ പുറത്തുവിടും. നയന്‍താരയാണ് ചിത്രത്തിലെ നായിക. വാരിസിന് ശേഷം വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് അവസ്ഥ എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Fahadh Faasil and Akshaye Khanna’s name is rising in Villain role in Salman Khan’s next movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more